സാബു ചുണ്ടക്കാട്ടില്‍: വലിയ പെരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ ക്നാനായ പള്ളി മെയ് 7ന്, ഗിവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള വലിയ പെരുന്നാളിന് ഒരുങ്ങുകയാണ് മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ക്നാനായ സമൂഹം.
സ്വന്തമായി വാങ്ങിയ ദേവാലയത്തില്‍ നടക്കുന്ന ആദ്യ പെരുന്നാള്‍ എന്നുള്ളതാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വര്‍ഷം മെയില്‍ ആയിരുന്നു സ്വന്തമായി വാങ്ങിയ ഈ ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങള്‍ നടത്തിയത്. മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ക്നാനായ സമൂഹത്തിന് 2005 ഒക്ടോബര്‍ 16 നാണ് മോര് ഗിവര്‍ഗീസ് സഹദായുടെ നാമകരണത്തില് ഈ ദേവാലയ പ്രഖ്യാപനം നടത്തിയത്. പെരുന്നാള്‍ ദിവസമായ മെയ് 7ന് രാവിലെ 10.30ന് പ്രഭാത പ്രാര്‍ത്ഥനയും 11 മണിക്ക് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും മോര് ഗിവര്‍ഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വി. കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം ഫാ. കെ. എ. സണ്ണി കുന്നേലും സഹകാര്‍മികത്വം ഫാ. ജോമോന് പുന്നൂസ്, ഫാ. സജി എബ്രഹാം എന്നിവരും വഹിക്കുന്നതായിരിക്കും. നേരത്തെ പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ഏപ്രില്‍ 2നു പള്ളിയങ്കണത്തില്‍ വച്ച് ഇടവക സന്ദര്‍ശനം നടത്തിയ ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ റവ. ഫാ. ജോസഫ് കണ്ടത്തില്‍പറമ്പില്‍ നടത്തിയിരുന്നു.
പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഇടവക മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല