സാമ്പത്തിക ഞെരുക്കംബാധിച്ച ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ വാങ്ങുമ്പോഴും ആഴ്ചയിലെ ഷോപ്പിങ്ങിന് സാധാരണ ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ചിലവാക്കേണ്ടിവരുന്നു. ഒരു വര്‍ഷം മുന്‍പ് അവര്‍ വാങ്ങിയിരുന്നതിനേക്കാള്‍ 2.2% കുറവാണ് ഇപ്പോള്‍ വാങ്ങുന്ന ആഹാരസാധനങ്ങള്‍. എന്നാല്‍ അതിനുവേണ്ടി ചിലവാക്കേണ്ടിവരുന്ന തുകയില്‍ 3% വര്‍ധനവാണുണ്ടായിരിക്കുന്നത്.
ഇതിനുപ്രധാന കാരണം ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവ് തന്നെയാണ്. ഈ വര്‍ഷം 5മുതല്‍ 6%വരെ വര്‍ധനവാണുണ്ടായിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ കണക്കുപ്രകാരം മിക്ക വീടുകളിലേയും ഫ്രിഡ്ജുകള്‍ ഒഴിഞ്ഞിരിക്കുകയാണ്. പലര്‍ക്കും വേണ്ടത്ര ആഹാരസാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷ്യവിലക്കയറ്റത്തിനൊപ്പം പെട്രോള്‍, ഗ്യാസ്, വൈദ്യതി, വസ്ത്രം, ഇന്‍ഷുറന്‍സ് എന്നിവയുടേയും വില വര്‍ധിച്ചത് ഇവരെ കടുത്ത ബുദ്ധിമുട്ടിലാക്കുകയാണ്.
ഒരു ശരാശരി കുടുംബത്തിന് 2010ലെ അവരുടെ ജീവിതനിലവാരം കാത്തുസൂക്ഷിക്കാന്‍ 1,486പൗണ്ട് അധികം ചിലവാക്കണമെന്ന് ചില പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ 1920നു ശേഷമുണ്ടാവുന്ന ഏറ്റവും വലിയ ഞെരുക്കമാണ് ബ്രിട്ടന്‍ നേരിടാന്‍ പോകുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മെര്‍വിന്‍ കിംങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ധാന്യം, മാസം, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചിരിക്കുകയാണ്.
ഈ വിലവര്‍ധനയ്ക്കുപുറമേ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്‌കോ, അസ്ഡ, സെയിന്‍സ്ബറി എന്നിവ അവരുടെ ഉല്പനങ്ങള്‍ക്ക് ആവശ്യമില്ലാതെ വില വര്‍ധിപ്പിക്കുന്നതായി യു.ബി.എസ് ചൂണ്ടിക്കാട്ടിയിരുന്നു. സെയിന്‍സ്ബറി പിസ്തയ്ക്ക് 3%വും ബാഗ്വെറ്റിന് 25% വിലവര്‍ധിപ്പിച്ചാതായി വിലതാരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ MySupermarket.com പുറത്തുവിട്ടിരുന്നു. അസ്ഡ പച്ചമുന്തിരിയ്ക്ക് 50%വും ടെസ്‌ക വെജിറ്റബിള്‍ ഓയിലിന് 42% വിലകൂട്ടിയതായും അവര്‍ വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യോത്പന്നങ്ങളുടെ വിപണിയെ മാത്രമല്ല ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗരൂകരാവുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. വസ്ത്രവിപണിയല്‍ 1%കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല