പെണ്ണായാല്‍ പൊന്നുവേണമെന്ന ഭിമ ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് റിച്ച പനായി മലയാളികള്‍ക്കുമുന്നിലെത്തുന്നത്. ജ്വല്ലറിപ്പരസ്യം റിച്ചയെ കേരളത്തില്‍ പ്രശസ്തയാക്കി. പരസ്യങ്ങളിലൂടെ സിനിമാലോകം അവസരങ്ങളുമായി അവരെ തേടിയെത്തി. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒട്ടേറെ പുതുമകളുമായി റിച്ചയുടെ ആദ്യ ചിത്രം വാടാമല്ലി ഇന്ന് കേരളക്കരയൊട്ടാകെ സുഗന്ധം പരത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളിലൂടെ റിച്ച…
വാടാമല്ലിയെക്കുറിച്ച്…
ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്നെപ്പോലെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. മറക്കാനാകാത്ത അനുഭവമാണ് വാടാമല്ലിയുടെ ചിത്രീകരണവേള സമ്മാനിച്ചത്.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് വാടാമല്ലി. പ്രണയവും ഹാസ്യവും ഒരുമിച്ചുകൊണ്ടുപോകുന്ന കുടുംബചിത്രമാണിത്.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്…
വൃന്ദ നമ്പ്യാര്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ബിഥോവന്‍ ഹൈടെക് മ്യൂസിക് സ്റ്റുഡന്റായ വൃന്ദ ഒരു വായാടിക്കുട്ടിയാണ്. ഇവള്‍ വാസു ദാമോദര്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
ഡെറാഡൂണുകാരിയായ റിച്ചയില്‍നിന്നും മലയാളിപ്പെണ്‍കൊടിയിലേക്ക്…
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ കേരളത്തില്‍ നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു. വെയിലേറ്റ് എന്റെ നിറം അല്‍പമൊന്നു മങ്ങിയിരുന്നു. ആ സമയത്ത് എന്നെ ആരുകണ്ടാലും മലയാളിയാണെന്നുതോന്നും. എന്റെ കരിയര്‍ ആരംഭിക്കുന്നത് കേരളത്തിലാണ്. മലയാളത്തെയും കേരളത്തെയും ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.
സിനിമയിലേക്കുള്ള രംഗപ്രവേശത്തിന് ജ്വല്ലറി പരസ്യം സഹായിച്ചിരുന്നോ…
പരസ്യത്തിന്റെ സംവിധായകനെ ഞാന്‍ കാണുന്നത് മുംബൈയില്‍വെച്ചാണ്. കൊച്ചിയില്‍വെച്ചാണ് പരസ്യത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ആ സമയത്തുതന്നെ എന്നെ എല്ലാവരും അറിഞ്ഞുതുടങ്ങിയിരുന്നു.
ബോളിവുഡിലേക്ക് ചേക്കേറാനുള്ള ശ്രമമുണ്ടോ…
ഏതൊരു നടിയുടെയും സ്വപ്‌നമാണ് ബോളിവുഡില്‍ അഭിനയിക്കുക എന്നത്. പക്ഷേ ഞാനതിന് ധൃതിപിടിക്കുന്നില്ല. അവസരങ്ങള്‍ തേടിയെത്തുന്നതുവരെ ഞാന്‍ കാത്തിരിക്കും
ഏതുതരം സിനിമകളോടാണ് താല്‍പര്യം…
റൊമാന്റിക് കുടുംബ സിനിമകളോടാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. കരണ്‍ജോഹര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. വൈകിയാണെങ്കിലും മലയാളം സിനിമകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല