വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): ലോക പ്രവാസികളുടെ ഇടയില്‍ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകള്‍ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭാരതത്തില്‍ പൗരസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന സംഭവങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
പ്രവാസിഎഴുത്തുകാരില്‍ പ്രസിദ്ധനായ മുരളി തുമ്മാരുകുടി എഴുതിയ ‘മാറുന്ന ലോകം മാറേണ്ട കേരളം’ എന്ന ലേഖനത്തില്‍ സാങ്കേതികമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പം കേരളവും മാറണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. വേറിട്ട രചനാശൈലികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി ‘സ്മരണകളിലേക്ക് മടക്കയാത്രയില്‍’ താന്‍ നേരിട്ട ഒരു അനുഭവം പങ്കുവെയ്ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നൊമ്പരക്കിളി പാടി അകലുന്നത് നാമറിയുന്നു.
യുകെയിലെ എഴുത്തുകാരില്‍ പ്രസിദ്ധയായ ബീന റോയി, ബാബുരാജ് മലപ്പട്ടം, ഡൊമിനിക് വര്‍ഗീസ് എന്നിവരുടെ കവിതകളോടൊപ്പം സുരേഷ് എം. ജി യുടെ ‘മുഹമ്മദ് വര്‍ഗീസ്’, ജോസഫ് അതിരുങ്കല്‍ എഴുതിയ ‘പുലിയും പെണ്‍കുട്ടിയും’ പെരിങ്ങോടന്റെ ‘താര എന്ന പെണ്‍കുട്ടി’ എന്നീ കഥകളും ജ്വാലയുടെ ഓഗസ്റ്റ് ലക്കം പേജുകള്‍ സമ്പന്നമാക്കുന്നു.
ഗണേഷ്‌കുമാര്‍ എഴുതിയ ‘ദാരിദ്ര്യത്തെ കുറിച്ച് ഒരു ഉപന്യാസ’ത്തില്‍ വേദന നിറഞ്ഞ തന്റെ ജീവിതാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. യൂത്ത് സെക്ഷനിലെ സിപ്പി പള്ളിപ്പുറത്തിന്റെ ‘മാവേലിത്തമ്പുരാനും വാമനനും’ എന്ന ലേഖനത്തില്‍ ഓണത്തിന്റെ ചരിത്ര പശ്ചാത്തലം വളരെ സരസമായി വിവരിക്കുന്നു. കഥപറഞ്ഞുതരാന്‍ മുത്തശ്ചനും മുത്തച്ഛിയും കൂടെയില്ലാത്ത പ്രവാസി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും തിരുവോണചിന്തകള്‍ അറിഞ്ഞിരിക്കേണ്ടത് തന്നെ എന്ന തിരിച്ചറിവില്‍ ഈ ലേഖനം ഏറെ അര്‍ത്ഥവത്താകുന്നു.
യുകെയിലെ വിവിധ നൃത്ത വേദികളില്‍ മാസ്മരിക പ്രകടനം കൊണ്ട് കാണികളുടെ പ്രശംസകള്‍ ഏറ്റു വാങ്ങിയ സ്‌നേഹ സജിയുടെ അഭിമുഖത്തില്‍ നിരന്തര പരിശീലനമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് സൂചിപ്പിക്കുന്നു. കവര്‍ ഫോട്ടോയും സ്‌നേഹയുടേതാണ്. ജ്വാല ഇ മാഗസിന്‍ ഓഗസ്റ്റ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://issuu.com/jwalaemagazine/docs/august_2017
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല