സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന യുകെയിലെ ലൂര്‍ദ്ദായ വാത്സിങ്ങാമിലെ തീര്‍ത്ഥാടനം സംഘാടകത്വ പാടവം കൊണ്ടും, മരിയ ഭക്ത പ്രഭാവത്താലും ചരിത്രം കുറിക്കപ്പെടും. അയ്യായിരത്തില്‍ പരം ഭക്തരെ സ്വീകരിക്കുവാന്‍ ഇപ്‌സ്വിച്ച് കാത്തലിക് കമ്മ്യൂണിറ്റി ഒരുങ്ങിക്കഴിഞ്ഞു. തീര്‍ത്ഥാടനത്തിന്റെ സൂത്രധാരകനും, സംഘാടകനും, സീറോമലബാര്‍ ചാപ്ലിയനുമായ റവ. ഫാ. മാത്യുജോര്‍ജ് വണ്ടാനക്കുന്നേല്‍ നേരിട്ട് ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
സീറോ മലബാര്‍ സഭയുടെ അല്‍മായ കമ്മീഷന്റെ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനും,വാഗ്മിയുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കുന്ന തീര്‍ത്ഥാടന ശുശ്രൂഷകള്‍ മരിയ ഭക്തി തീഷ്ണതയും ദൈവകൃപയും ചൊരിയും.
ഉച്ചക്ക് 12.00 ന് മണിക്ക് വാത്സിങ്ങാം ഫ്രൈഡേ മാര്‍ക്കറ്റിലുള്ള ചാപ്പലില്‍ നിന്നും തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. മരിയ ഭക്തി ഗാനങ്ങളും ജപമാല സമര്‍പ്പണവുമായി ഭക്തി മുഖരിതരായ പ്രദക്ഷിണത്തിന് ചെണ്ടമേളവും, വര്‍ണ്ണാഭമായ മുത്തുക്കുടകളും, തോരണങ്ങളും അഴകു വിരിക്കും. തീര്‍ത്ഥാടനത്തിന്റെ പിന്നിലായി വാത്സിങ്ങാം മാതാവിനെ മഞ്ചലില്‍ എടുത്ത് നീങ്ങുന്നതിനോടൊപ്പം സഭാ മേലദ്ധ്യക്ഷനും, വൈദിക ശ്രേഷ്ഠരും പ്രസിദേന്തിമാരും അണിനിരക്കും.
തീര്‍ത്ഥാടനം സമാപന സ്ഥലമായ സ്ലിപ്പര്‍ ചാപ്പലില്‍ എത്തിയ ശേഷം ലഭീഞ്ഞും, കുഞ്ഞുങ്ങളെ അടിമ വെക്കലും നടക്കും. പിന്നീട് ഉച്ച ഭക്ഷണത്തിനായി പിരിയും. പൊതി ഭക്ഷണവുമായി വരുന്നവര്‍ക്കെല്ലാം ഇരുന്ന ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം സംഘാടക സമിതി ഒരുക്കുന്നുണ്ട്.
2.45 ന് അറയ്ക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ സമൂഹബലി ആരംഭിക്കും. തിരുനാള്‍ സന്ദേശത്തിനും വിശുദ്ധ കുര്‍ബ്ബാനക്കുശേഷം 4.15 ന് പൊതുസമ്മേളനം ആരംഭിക്കും.
പൊതു സമ്മേളനത്തില്‍ അല്‍മായ കമ്മീഷന്റെ യുകെ സന്ദര്‍നോദ്ദേശരായ അല്‍മായ സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ്, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, ഈസ്റ്റ് ആംഗ്ലീയ ചാപ്ലിന്‍ ഫാ. മാത്യു വണ്ടാനക്കുന്നേല്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. യുകെയില്‍ വിവിധ ഭാഗങ്ങളില്‍ അല്‍മായ സമ്മേളനങ്ങള്‍ നടത്തുന്നതാണെന്ന് അല്‍മായ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല