ഓരോ ദിവസവും പുറത്തുവരുന്ന നയങ്ങളും തീരുമാനങ്ങളും കാണുമ്പോള്‍ ന്യായമായും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതെന്ത് ഭാവിച്ചാണെന്ന്. തികച്ചും ജനവിരുദ്ധമായ നയങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ബ്രിട്ടീഷ് സര്‍ക്കാര്‍ എടുക്കുന്നതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. അതിനിടയിലാണ് വികലാംഗര്‍ക്ക് നല്‍കി വന്നിരുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
പുതിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് വികലാംഗരായ കുട്ടികള്‍ക്ക് നല്‍കിവന്നിരുന്ന 1,400 പൗണ്ടിന്റെ സാമ്പത്തിക സഹായം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏതാണ്ട് 450,000 കുടുംബങ്ങള്‍ക്കാണ് ഇതുമൂലം കഷ്ടത അനുഭവിക്കാന്‍ പോകുന്നത്. ഇപ്പോള്‍ വികലാംഗരായ കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്ക് ആഴ്ചയില്‍ 54 പൗണ്ടിന്റെ നികുതിയിളവുകളും മറ്റും ലഭിക്കുന്നുണ്ട്. കോമണ്‍സ് പാസ്സാക്കിയ പുതിയ വെല്‍ഫെയര്‍ റിഫോം ബില്‍ പാസ്സാക്കപ്പെടുന്നതോടെ അത് ആഴ്ചയില്‍ 27 പൗണ്ടായി കുറയും.
പുതിയ ബില്‍ നടപ്പില്‍ വരുന്നതോടെ വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ലഭിച്ചിരുന്ന 1,400 പൗണ്ടാണ് നഷ്ടമാകാന്‍ പോകുന്നത്. ഇത് ദാരിദ്ര്യരേഖയ്ക്ക് താഴെ നില്‍ക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന പരാതി ഇപ്പോള്‍തന്നെ ഉയരുന്നുണ്ട്. എന്നാല്‍ ബില്‍ പാസ്സാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. വികലാംഗനായ ഒരു കുട്ടി ജനിച്ച് പതിനാറ് വയസ്സാകുന്നതുവരെ സര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്ന 22,000 പൗണ്ടിന്റെ സാമ്പത്തിക സഹായമാണ് ഇതോടെ ഒറ്റയടിക്ക് ഇല്ലാതാകുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഏതാണ്ട് 100,000 കുട്ടികളെ ബാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ ക്യാന്‍സര്‍ ബാധിച്ച 7,000 കുട്ടികള്‍ക്കുള്ള സഹായവും ഇല്ലാതാകുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല