വെറുതേ ആരോപണങ്ങളുന്നയിച്ച് അധ്യാപകര്‍ക്കിട്ട് പണികൊടുക്കാം എന്ന് കരുതുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ. നിങ്ങളെ നിയന്ത്രിക്കാനും സ്വഭാവം മെച്ചപ്പെടുത്താനുമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവ് ആണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌കൂളുകളിലെ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനും വികൃതികളായ വിദ്യാര്‍ത്ഥികളെ കര്‍ശനമായി നിയന്ത്രിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അധ്യാപകര്‍ക്കെതിരേ തെറ്റായ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്നതാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.
ക്ലാസില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനും അധ്യാപകര്‍ക്ക് ഇനി അധികാരമുണ്ടാകും. അധ്യാപകരുടെ നിര്‍ദ്ദേശം പാലിക്കാത്ത കുട്ടികള്‍ക്കുനേരെ അല്‍പ്പം ബലം പ്രയോഗിക്കാനും അധികാരം ഉറപ്പുവരുത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ചാര്‍ലി ടെയ്‌ലറെന്ന വിദഗ്ധയെയും ഉടന്‍ നിയമിക്കും.
അധ്യാപകര്‍ക്കെതിരേയുള്ള ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്താനും അധ്യാപകര്‍ക്ക് കഴിയും. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കുന്ന സ്ഥിതിയാണുള്ളത്. സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം വളര്‍ത്താനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായിക്കുമെന്ന് ഗോവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല