സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയിയുടെ വിക്കിപീഡിയയിലെ പേജ് അലങ്കോലമാക്കാന്‍ ശ്രമം. വിക്കീപീഡിയയിലെ വ്യക്തിവിവരണ പേജില്‍ നിന്നും സിന്ധുവിന്റെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്. സിപിഎം വിട്ടശേഷമാണ് ഫോട്ടോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല സിന്ധുവിനെക്കുറിച്ചുള്ള പേജ് തന്നെ തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും തര്‍ക്കമുള്ള പേജ് എന്ന നിലയില്‍ വിക്കിപീഡിയ അധികൃതര്‍ ഇടപെട്ടു നിലനിര്‍ത്തുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിന്ധു ജോയി രാജിവച്ചതു മാര്‍ച്ച് 23നായിരുന്നു. 25നു തന്നെ വിക്കി പേജില്‍ നിന്നും സിന്ധുവിന്റെ പടം മാറ്റിയിരുന്നുവത്രേ. ഈ സമയം കൊണ്ട് സിന്ധു സിപിഎമ്മില്‍നിന്നു രാജിവച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് പേജില്‍ എഴുതിചേര്‍ക്കുകയും ചെയ്തിരുന്നു.
ഇതു മാറ്റി സിപിഎമ്മില്‍നിന്നു രാജിവച്ചതല്ല, പുറത്താക്കിയതാണ് എന്നു മാറ്റാന്‍ പിന്നീട് ശ്രമം നടന്നു. പിന്നീടത് രാജിവച്ചശേഷം പുറത്താക്കി എന്നാക്കി മാറ്റി. സിന്ധുജോയിയെക്കുറിച്ചുള്ള ലേഖനത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്തു ടാഗ് നല്‍കുകയും ചെയ്തു.
നേരത്തേ സിപിഎം അനുഭാവികളും സിന്ധു ജോയിയുടെ ആരാധകരുമായിരുന്നവരാണ് വിക്കിപീഡിയിയില്‍ സിന്ധുവിനെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നത്. എന്നാല്‍ സിന്ധു പാര്‍ട്ടി വിട്ടതോടെ ശത്രുക്കളായ ഇതേ വ്യക്തികള്‍ തന്നെയാണ് ഇപ്പോള്‍ സിന്ധുവിന്റെ പേജ് പോര്‍ക്കളമാക്കിയിരിക്കുന്നതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല