അമേരിക്കന്‍ എംബസികള്‍ അയച്ച സന്ദേശങ്ങള്‍ ചോര്‍ത്തി വിവാദ കൊടുങ്കാറ്റുയര്‍ത്തിയ ‘വിക്കിലീക്‌സിന്റെ’ അടുത്ത ലക്ഷ്യം ബാങ്ക് ഓഫ് അമേരിക്കയായിരിക്കുമെന്ന് സൂചന.
അമേരിക്കയിലെ പ്രമുഖ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന വിക്കിലീക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാന്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏതാണ് സ്ഥാപനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ബാങ്ക് ഓഫ് അമേരിക്കയുടെ ഒരു എക്‌സിക്യൂട്ടിവിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്ന അഞ്ച് ജിഗാബൈറ്റ്‌സ് വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് 2009ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അസാന്‍ജ് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വിക്കിലീക്‌സിന്റെ അടുത്ത ഉന്നം ബാങ്ക് ഓഫ് അമേരിക്ക ആയിരിക്കുമെന്ന കിംവദന്തി ശക്തമായത്.
2008ലെ സാമ്പത്തിക മാന്ദ്യത്തോടെ ബാങ്ക് ഓഫ് അമേരിക്ക കടുത്ത നിരീക്ഷണത്തിലാണ്. യു.എസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ബാങ്കിനെതിരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി നിയമ നടപടികളും ബാങ്ക് നേരിടുന്നു.
എന്നാല്‍, ബാങ്കിന്റെ നടപടികളേക്കാള്‍ ഏറെ ബാങ്കിന്റെ ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങളാകും വിക്കിലീക്‌സ് പുറത്തുവിടുകയെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് പല ഇടപാടുകാരെ കുറിച്ചും ബാങ്ക് എന്തു കരുതുന്നുവെന്നത് സംബന്ധിച്ച് ചില ഇടപാടുകാരെ കുറിച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ വന്ന പരാമര്‍ശങ്ങളാണ് വിക്കിലീക്‌സിന് ലഭിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
കിട്ടാക്കടം വാങ്ങുന്ന ചില കമ്പനികള്‍ക്കും ഫാനിമേ ആന്‍ഡ് ഫെര്‍പിമാക്ക് കമ്പനികള്‍ക്കും ബാങ്ക് ഓഫ് അമേരിക്ക വിറ്റ ചില വായ്പകള്‍ സംബന്ധിച്ചും വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്ന ആശങ്ക ബാങ്കിങ് വൃത്തങ്ങളില്‍ ശക്തമാണ്. ഇപ്രകാരം വില്‍ക്കാന്‍ യോഗ്യതയില്ലാത്ത വായ്പകളാണ് ബാങ്ക് ഓഫ് അമേരിക്ക കൈമാറിയതെന്ന് വ്യക്തമാക്കുന്ന ചില രേഖകളും വിക്കിലീക്‌സിന് ലഭിച്ചതായി കരുതുന്നു. ഈ വായ്പകള്‍ തിരികെ വാങ്ങാന്‍ ബാങ്ക് ഓഫ് അമേരിക്ക നിര്‍ബന്ധിതമായേക്കുമെന്നും പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല