സ്വന്തം ലേഖകന്‍: വിജയ് മല്യ ഇതു ചെയ്യുമെന്ന് തമിഴ് നടന്‍ വിജയ് കത്തിയില്‍ മുമ്പെ പറഞ്ഞതാണ്. കോര്‍പ്പറേറ്റുകളടെ തീരാത്ത ആര്‍ത്തി വിഷയമാക്കുന്ന സിനിമയില്‍ വിജയ് പറയുന്ന ഒരു സംഭാഷണമാണ് വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടു എന്ന വാര്‍ത്തകള്‍ക്കൊപ്പം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ രാജ്യം വിട്ട് വിദേശത്ത് സുഖജീവിതം നയിക്കുകയും ഒരു ലക്ഷം വായ്പയെടുത്ത തഞ്ചാവൂരിലെ കര്‍ഷകന് പോലീസിന്റെ ക്രൂര മര്‍ദ്ദനവും കിടമിയത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍.
‘ 5000 കോടി സര്‍ക്കാരില്‍ നിന്നും കടം വാങ്ങുന്ന മദ്യ വ്യവസായി കടം തിരിച്ചടയ്ക്കാന്‍ നിവര്‍ത്തിയില്ലെന്ന് പറഞ്ഞ് കൈകൂപ്പുകയും രക്ഷപെടുകയും ചെയ്യും. അയാളോ വായ്പ കൊടുത്തവരോ ആത്മഹത്യ ചെയ്യില്ല. എന്നാല്‍ കൃഷിക്ക് 5000 രൂപ വായ്പയെടുക്കുന്ന കര്‍ഷകന്‍ അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ പലിശയും കൊള്ളപ്പലിശയും കയറി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു’ എന്നാണ് സിനിമയില്‍ വിജയ് യുടെ കഥാപാത്രം പറയുന്നത്.
വിജയ് മല്യ രാജ്യം വിട്ടതിന്റെ വാര്‍ത്തകള്‍ക്കൊപ്പം ട്രാക്ടര്‍ വാങ്ങാന്‍ 1.3 ലക്ഷം രൂപ വായ്പയെടുത്ത ജി. ബാലന്‍ എന്നയാളെ വായ്പ തിരിച്ചടക്കാതിരുന്ന കുറ്റത്തിന് ബാങ്കിന്റെ നടപടിയുടെ ഭാഗമായി പൊതുനിരത്തില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതിന്റെ വാര്‍ത്തകളും പുറത്തുവന്നു.
2011 ല്‍ 3.4 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇതില്‍ 4.1 ലക്ഷം രൂപ പലിശ ഉള്‍പ്പെടെ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ പലിശയും കൊള്ളപ്പലിശയും കൂട്ടി 1.34 ലക്ഷം രൂപ കൂടി തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. കൃഷി നശിച്ചതിനാല്‍ രണ്ടു അടവുകള്‍ മുടങ്ങിപ്പോയിരുന്നു.
ഇതേ തുടര്‍ന്ന് ജപ്തി നടപടിയുടെ ഭാഗമായി എത്തിയ പോലീസുകാരാണ് ബാലനെ മര്‍ദ്ദിച്ചത്. എന്തായാലും തങ്ങളുടെ പ്രിയതാരത്തിന്റെ പഞ്ച് ഡയലോഗ് അക്ഷരാര്‍ഥത്തില്‍ ഫലിച്ചതു കണ്ട് അന്തം വിട്ടിരിപ്പാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല