സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്, സ്വകാര്യ ഏജന്‍സികള്‍ വീണ്ടും വരുന്നു, വിജ്ഞാപനം ദേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി കേട്ടതിനു ശേഷം വിദേശ നഴ്സിംഗ് വിജ്ഞാപനം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കിയ വിജ്ഞാപനം ദേദഗതി ചെയ്യുമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഡല്‍ഹി ഹൈക്കോടതില്‍ ബോധിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, വിദേശ രാജ്യങ്ങളിലെ വന്‍തോതിലുണ്ടായ നഴ്സിംഗ് ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു സാധിച്ചില്ല.ആതോടെ നിരവധി നഴ്സുമാര്‍ക്ക് അവസരം നഷ്ടപ്പെടുകയും ശ്രീലങ്ക, ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളിലെ നഴ്സുമാര്‍ക്ക് അത് ഗുണകരമാകുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ നഴ്സുമാര്‍ വിദേശജോലിക്കു ശ്രമിക്കുന്ന കേരളം പലവട്ടം കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം കേരളം സന്ദര്‍ശിച്ച പ്രാട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല