രാജ്യത്തുള്ളവര്‍ നികുതിയടക്കാന്‍ ഗതിയില്ലാതെ വട്ടംതിരിയുമ്പോള് വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇസ്ലാമാബാദിന് സാമ്പത്തികസഹായം നല്‍കാനുള്ള കാമറൂണിന്റെ നീക്കമാണ് പ്രതിഷേധക്കിനിടയാക്കിയത്.
പാക്കിസ്ഥാനിലെ സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി 650 മില്യണ്‍ പൗണ്ട് നല്‍കാമെന്നാണ് കാമറൂണ്‍ വാഗ്ദാനം ചെയ്തത്. ഇസ്ലാമാബാദിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ സഹായവാഗ്ദാനം. എന്നാല്‍ ബ്രിട്ടനിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ നികുതിഭാരംകൊണ്ട് പൊറുതിമുട്ടിനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.
ബ്രിട്ടനിലെ നികുതിനിരക്ക് വര്‍ഷത്തില്‍ 500മില്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡിലേക്കാണ് നീങ്ങുന്നത്. മിഡില്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്കായിരിക്കും ഏറ്റവുമധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരികയെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലുള്ളവരെ കഷ്ടത്തിലാക്കി അന്യരാഷ്ട്രങ്ങള്‍ക്ക് സഹായം നല്‍കുകയാണ് കാമറൂണ്‍ ചെയ്യുന്നതെന്ന് ടാക്സ്പേയേര്‍സ് അലൈന്‍സിന്റെ മാനേജര്‍ ചാര്‍ലോട്ടി ലിനാക് ആരോപിച്ചു.
പാക്കിസ്ഥാനിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും മറ്റ് രാഷ്ട്രങ്ങളുടെ സാമ്പത്തികസഹായത്തിന് കാത്തുനില്‍ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാനുള്ള സാമ്പത്തികസഹായം ബ്രിട്ടനില്‍ വന്‍ പ്രതിഷേധത്തിന് കാരണമാകുമെന്ന് കാമറൂണിന് ബോധ്യമുണ്ടായിരുന്നു. ഇത് അദ്ദേഹം പാക്കിസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല