കൊച്ചി:കേരളത്തിലെ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളായ വി.എസ്.അച്യുതാനന്ദനും എം.എം ലോറന്‍സും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഒടുവില്‍ വീട്ടുകാരുടെ പേരുപറഞ്ഞാകുന്നു. കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് കളിയക്കവിളവരെ യാത്രചെയ്തതിനു തന്നെ രൂക്ഷമായി വിമര്‍ശിച്ച എം.എം.ലോറന്‍സിന് വി.എസ്. പരസ്യമായി മറുപടി പറഞ്ഞപ്പോള്‍ അത് കമ്യുണിസ്റ്റ്പാര്ട്ടിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായി. സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് ലോറന്‍സ് എന്നാണ് വി.എസ് പറയുന്നത്. വി.എസ് പറയുന്നതില്‍ അല്പം സത്യമുണ്ടെങ്കിലും അതിങ്ങനെ പരസ്യമായി വിളിച്ചുപറയാമോ എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. ഇതു സംബന്ധിച്ച് ലോറന്‍സിന്റെ രണ്ടാമത്തെ മകള്‍ തനിക്ക് പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പരാതി സംബന്ധിച്ച് ചികിത്സിച്ച ഡോക്ടറോട് അന്വേഷിച്ചു. ലോറന്‍സാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞതായും വി.എസ് വെളിപ്പെടുത്തി. ചരിത്രം തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞാണ് മകള്‍ പരാതി നല്‍കിയത്. താന്‍ ഇടപെട്ടാണ് ലോറന്‍സിന്റെ ഭാര്യയെ മോചിപ്പിച്ചതെന്നും വി.എസ് പറഞ്ഞു.
പുന്നപ്ര സമരത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വി.എസെന്നായിരുന്നു ലോറന്‍സിന്റെ പരാമര്‍ശം. വി.എസ് അച്യുതാനന്ദന്റെ പോക്ക് ശരിയല്ലെന്നും ലോറന്‍സ് പറഞ്ഞിരുന്നു. വി.എസ്സിന്റെ കൂടംകുളം സന്ദര്‍ശനത്തെ കുറിച്ചാണ് ലോറന്‍സ് ഇങ്ങനെ പറഞ്ഞത്. വി.എസ്സിന്റെ കൂടംകുളം യാത്ര അച്ചടക്കലംഘനമാണെന്നും യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തേയും പാവപ്പെട്ട ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തിയെ ദുരുപയോഗം ചെയ്യുന്ന നീക്കമാണ് വി.എസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ‘ഇവിടെ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയുമൊക്കെയുള്ള സംഘടിതമായ ഒരു പാര്‍ട്ടിയുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കമ്മിറ്റിയില്‍ പറയണം. തെറ്റായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കമ്മിറ്റിയില്‍ അത് ബോധ്യപ്പെടുത്താനുള്ള ബാധ്യത വി.എസ്സിനുണ്ട്. അങ്ങനെ ചെയ്യാതെ താനാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് പറഞ്ഞ് പാര്‍ട്ടിയെ ധിക്കരിക്കുന്ന സമ്പ്രദായം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും വി.എസ് തുടരുകയാണ്. ഇത് അങ്ങേയറ്റം പാര്‍ട്ടി വിരുദ്ധമാണെന്നും ലോറന്‍സ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല