കൊച്ചി: ഏറെക്കാലം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഐ.പി.എല്ലില്‍ കളിക്കാന്‍ കൊച്ചിന് ടസ്കേര്‍സ് കേരള തയ്യാര്‍. പണവും, ഗ്ലാമറും, ആഹ്ലാദവും, ദുരന്തവും ഒഴുകുന്ന കുട്ടിക്രിക്കറ്റിന്റെ മായാലോകത്തേക്ക് കാലെടുത്തുവെയ്ക്കാന് തയ്യാറായി നില്‍ക്കുകയാണ് കൊച്ചി. ഏപ്രില്‍ ഒമ്പതിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്സിനെ നേരിടുമ്പോള്‍ കേരളത്തിന്റെ കായികചരിത്രത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തമാകും എഴുതിച്ചേര്‍ക്കുക.
മല്‍സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കെ.സി.എ സെക്രട്ടറി ടി.സി മാത്യൂ പറഞ്ഞു. ഡ്രൈനേജ് സിസ്റ്റം നന്നാക്കി, പുതിയ ഫഌ്ലൈറ്റിന് കീഴിലായിരിക്കും മല്‍സരം.
ശശി തരൂര്‍-സുനന്ദ പുഷ്ക്കര്‍ ബന്ധം പുറത്തറിഞ്ഞതോടെയാണ് കൊച്ചി ഐ.പി.എല്‍ വിവാദത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം വരെ തരൂരിന് വിട്ടൊഴിയേണ്ടിവന്നു. ടീം ഉടമകളും ഓഹരിയുടമകളും തമ്മിലായിരുന്നു തുടര്‍ന്നുള്ള വാഗ്വാദം. ഒടുവില്‍ നാലാംസീസണില്‍ നിന്ന് പുറത്താകുമെന്ന ഘട്ടമെത്തിയെങ്കിലും ഐ.പി.എല്‍ ഭരണസമിതി ടീമിന്റെ തുണയ്ക്കെത്തി.
തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമാസം കൂടി കൊച്ചിക്ക് ലഭിച്ചു. ഒടുവില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നും ആശ്വാസത്തിന്റെ പച്ചപ്പിലേക്ക് കൊച്ചിന് ഇന്‍ഡി കമാന്‍ഡോസ് കുതിച്ചെത്തി. ഒടുവില്‍ ചന്തം പോരാഞ്ഞതിനെച്ചൊല്ലി ഒരു പേരുമാറ്റവും. ഏറെ നാളത്തെ ആശങ്കയ്ക്ക് വിരാമമിട്ട് കൊച്ചിന് ടസ്കേര്‍സ് കുട്ടിക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങളിലേക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല