തിരുവനന്തപുരം: വിവാഹം കഴിഞ്ഞതോടെ തന്റെ ഇമേജിന് ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്. മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവാഹം കഴിഞ്ഞശേഷം പൃഥ്വിരാജ് പങ്കെടുക്കുന്ന ആദ്യത്തെ വാര്‍ത്താസമ്മേളനമാണിത്.
വിവാഹത്തിന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാതിരുന്നതിന് അദ്ദേഹം ക്ഷമാപണം നടത്തി. രണ്ടുകാരണങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകയായ സുപ്രിയാ മേനോന് ഇലക്ഷന്‍ വാര്‍ത്തകളെടുക്കാനും മറ്റും കേരളത്തില്‍ വരേണ്ടിവരും. സുപ്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ വെളിപ്പെടുത്തിയാല്‍ അതവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടും.മറ്റൊരു കാരണം താനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ എന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍വെച്ച് താലി കെട്ടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അടുത്ത ബന്ധുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചത്.
വിവാഹത്തിന് മുമ്പ് നടത്തിയ ഇന്റര്‍വ്യൂകളില്‍ മാധ്യമപ്രവര്‍ത്തനത്തെ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഒരു മാധ്യമപ്രവര്‍ത്തകയെ അറിയുമോ എന്നല്ല മറിച്ച് മുംബൈയിലെ പ്രതീക്ഷാമേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലാണോ എന്നാണ് തന്നോട് ചോദിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പതിനേഴാംവയസിലാണ് താന്‍ നായകനായതെന്നും ഇപ്പോഴും കാമുക ഇമേജിലാണ് നിലനില്‍ക്കുന്നതെന്നു പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പംതൊട്ടേ തന്നെ സ്വാധീനിച്ച മേഖലയാണ് പത്രപ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല