വിവാഹം സ്വര്‍ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വിവാഹവും വിവാഹമോചനവും നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാനും തന്‍മൂലം അകാലത്തില്‍ തന്നെ പല രോഗങ്ങളുടെ പിടിയിലകപ്പെടുത്താനും ഇടയാക്കുമെന്നാണ്. വിവാഹ ശേഷം സ്ത്രീകളുടെ ശരീരഭാരം കൂടുമ്പോള്‍ മിക്കപ്പോഴും വിവാഹമോചനത്തിന് ശേഷമാണ് പുരുഷന്മാരില്‍ ഭാരം കൂടുന്നത്. വിവാഹം മൂലമുണ്ടാകുന്ന ഈ രണ്ടു സ്ഥിതിഗതികളും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചുരുക്കം.
30 വയസ്സ് കഴിഞ്ഞവരിലാണ് വിവാഹത്തിനും വിവാഹ മോചനത്തിനും ശേഷം ശരീരഭാരം ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നടത്തിയ ഓഷിയോ സര്‍വകലാശാലയിലെ ടിമിത്രി ടൂമിന്‍ പറയുന്നു: “വിവാഹ മോചനം പുരുഷന്മാരുടെയും വിവാഹം സ്ത്രീകളുടെയും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു, ഇത് ഗുരുതരമായ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും അവരെ നയിക്കുന്നു”. ഇരുപതുകളുടെ മധ്യത്തില്‍ വിവാഹിതരാകുന്നവരുടെയും വിവാഹം കഴിക്കാതവരുടെയും ശരീരഭാരങ്ങള്‍ തമ്മില്‍ വലിയ അന്തരമൊന്നുമുണ്ടാകുന്നില്ലെങ്കിലും പിന്നീട് വലിയ വ്യത്യാസം തന്നെയാണ് ഇവരുടെ ശരീരഭാരങ്ങളില്‍ ഉണ്ടാകുന്നതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ടിമിത്രി ടൂമിന്‍ കൂട്ടിച്ചേര്‍ത്തു.
1986 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ഏതാണ്ട് 10071 ആളുകളില്‍ അവരുടെ വിവാഹത്തിനും വിവാഹമോചനത്തിനും ശേഷമുള്ള രണ്ടു വര്‍ഷത്തെ ആരോഗ്യത്തെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഈ പഠനം നടത്തിയ മറ്റൊരു പ്രോഫസ്സറായ സെങ്കോ ക്വിയാന്‍ പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്തങ്ങളിലേക്ക് കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു, ഇതിന്റെ ഫലമായാണ് അവരില്‍ ഭാരം വര്‍ദ്ധിക്കുന്നത് എന്നാണ്.
പുരുഷന്മാരുടെ കാര്യത്തിലാണെങ്കില്‍ വിവാഹമോചന ശേഷം അവര്‍ തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാത്തതും അമിതമായ മദ്യപാനവും ഫാസ്റ്റ്ഫുഡുമാണ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്. വിവാഹതിനാകുമ്പോള്‍ പുരുഷന് ലഭിക്കുന്ന ഗുണങ്ങളെല്ലാം വിവാഹ മോചനത്തോടെ നഷ്ടപ്പെടുന്നതാണ് ആരോഗ്യം മോശമാക്കുന്നതെന്ന് വ്യക്തം. എന്നാല്‍ ഈ റിപ്പോര്‍ട്ട് വായിച്ചു ആരും വിവാഹം കഴിക്കാതിരിക്കേണ്ടതില്ല കേട്ടോ, സ്ത്രീകള്‍ അവരുടെ വിവാഹശേഷവും വ്യായാമത്തിനും മറ്റു ആരോഗ്യ സംരക്ഷണത്തിനുമായ് അല്പം സമയം കണ്ടെത്തിയാല്‍ മാത്രം മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല