ബിനു ജോര്‍ജ്: മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ മെയ്ഡ്‌സ്റ്റോണ്‍ സീറോമലബാര്‍ കുര്‍ബാന സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന തിരുന്നാളും പ്രദക്ഷിണവും കെന്റിലെ വിശ്വാസകൂട്ടായ്മയുടെ പ്രതീകമായി. ഉച്ചകഴിഞ്ഞു 2 .30 നു ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് പ്രശസ്ത വചനപ്രഘോഷകന്‍ റവ.ഫാ. ടോമി എടാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
വിശുദ്ധസെബാസ്ത്യാനോസിന്റെ വിശ്വാസതീക്ഷ്ണത തലമുറകളിലേക്ക് കൈമാറുവാന്‍ ആഴമായ ആത്മീയാനുഭവത്തിലേക്ക് ഓരോരുത്തരും വളരണമെന്ന് തിരുന്നാള്‍ സന്ദേശത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം വിശുദ്ധന്റെ രൂപം വെഞ്ചരിപ്പും, നേര്‍ച്ച വെഞ്ചരിപ്പും നടന്നു. അതേത്തുടര്‍ന്ന് ജപമാലരാമത്തിലൂടെ നടന്ന വര്‍ണ്ണശബളമായ തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുകൊണ്ടു.
പ്രദക്ഷിണത്തെ തുടര്‍ന്ന് ലദീഞ്ഞും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. യുദ്ധത്തിന്റെ നിഴലില്‍ ജീവിക്കുന്ന ജനതയ്ക്കുവേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും മെഴുകുതിരി കത്തിച്ചു നടത്തിയ സമാധാനപ്രാര്‍ത്ഥനയ്ക്ക് റവ.ഫാ. ഹാന്‍സ് പുതിയാകുളങ്ങര നേതൃത്വം നല്‍കി. വിശുദ്ധ സെബാസ്ത്യാനോസിനോടുള്ള വണക്കത്തിന്റെ സൂചകമായ കഴുന്ന് അര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. തിരുനാളില്‍ സംബന്ധിച്ചവര്‍ക്കെല്ലാം കൂട്ടായ്മയുടെ പ്രതീകമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയ പുണ്യ ഭൂമിയായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി യുകെയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ തീര്‍ത്ഥാടനഭൂമിയും ആത്മീയവളര്‍ച്ചയുടെ സിരാകേന്ദ്രവുമാണ്. മെയ് 27 ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്ന ‘എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനത്തിന്റെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല