പൂര്‍വികന്മാര്‍ തലമുറകളായി കൈമാറിയ വിശ്വാസ ദീപം കെടാതെ കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികള്‍ . ജോലിത്തിരക്കുകല്‍ക്കിടയിലും ക്രൈസ്തവ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ആത്മീയ വഴിയില്‍ സഞ്ചരിക്കാന്‍ ഓരോ മലയാളിയും പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്.എന്നാല്‍ വരും തലമുറയിലേക്ക് ഈ വിശ്വാസചൈതന്യം കൈമാറാനുള്ള ഭൌതിക സാഹചര്യങ്ങളുടെ അഭാവം യു കെ മലയാളിക്ക് അന്യമായിരുന്നു.അവിശ്വാസത്തിനും ദൈവനിഷേധത്തിനും പേര് കേട്ട ബ്രിട്ടനില്‍ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും നമ്മുടെ മക്കളെ വിശ്വാസവഴിയില്‍ ക്രിസ്തുവിന്റെ പ്രഘോഷകരാക്കുവാനും വേദിയൊരുക്കുകയാണ് ബിര്‍മിംഗ്ഹാം കണ്‍വന്‍ഷന്‍.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവായി സേവനമാനുഷ്ട്ടിചിരുന്നതും ഇപ്പോള്‍ ബിര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലിനും ആയ ഫാദര്‍ സോജി ഓലിക്കല്‍ ആണ് ബിര്‍മിംഗ്ഹാമിനടുത്തു വെസ്റ്റ് ബ്രോംവിച്ചില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന ഏകദിന ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുമണി വരെയാണ് ധ്യാന സമയം.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ധ്യാനത്തിനുള്ള അവസരമൊരുക്കിയിട്ടുണ്ട്.ധ്യാനത്തിന്റെ അവസാനം രോഗികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.കുമ്പസാരിക്കാനും കൌന്സിലിങ്ങിനുമുള്ള സൗകര്യം ധ്യാനദിവസം ഉണ്ടായിരിക്കും.
2010 ഏപ്രില്‍ മാസത്തില്‍ 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് മുകൈയെടുതാണ് ധ്യാനം ആരംഭിച്ചത്.ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ബാഹുല്യം നിമിത്തം 2011 ജനുവരിയില്‍ ധ്യാനവേദി 1500 പേരെ ഉള്‍ക്കൊള്ളുന്ന ബിര്‍മിംഗ്ഹാം സെന്‍റ് കാതറിന്‍ പള്ളിയിലേക്ക് മാറ്റുകയായിരുന്നു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ യു കെ മലയാളികളുടെ ആത്മീയവിരുന്നായി ധ്യാനം മാറിക്കഴിഞ്ഞു..ബ്രിട്ടന് പുറമേ പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വിശ്വാസികള്‍ ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അതിനാല്‍ കൂടുതല്‍ മുതിര്‍ന്നവരെയും കുട്ടികളെയും പങ്കെടുപ്പിക്കാന്‍ വേണ്ടി അടുത്തമാസം(മെയ് 2011 ) മുതല്‍ ബെതെല്‍ കണവന്‍ഷന്‍ സെന്ററില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 2500 ത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ ധ്യാനവേദി .M5 ,M6 മോട്ടോര്‍വേകളുടെ സാമീപ്യവും സെന്ററിന്റെ പ്രത്യേകതയാണ്.
അഞ്ചു മുതല്‍ 18 വരെ വയസ് പ്രായമുള്ള കുട്ടികളെ ഗ്രൂപ്പ് തിരിച്ച് പ്രാര്‍ഥനയിലും വിശ്വാസത്തിലും വിശുദ്ധിയിലും ആഴപ്പെടാന്‍ ഉതകുന്ന ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.മുതിര്‍ന്നവരെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും പരിശുദ്ധ അരൂപിയിലുള്ള നിറവിലും ആഴപ്പെടുത്തുന്നതിനോടൊപ്പം വരുംതലമുറയെ ദൈവഭയത്തിലും പരസ്പര സ്നേഹത്തിലും വാര്‍ത്തെടുക്കാനുമുളള സുവര്‍ണാവസരമാണ് എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ ധ്യാനം.മാസത്തില്‍ ഒരു ദിവസം നമ്മുടെ ദൈവത്തിനായി മാറ്റി വച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് വിശ്വാസദീപ്തി പകര്‍ന്നു നല്‍കിയാല്‍ നാളെകളില്‍ ശിഥില ബന്ധങ്ങളുടെ നാള്‍വഴിയില്‍ നമ്മുടെ കുടുംബത്തിന്റെ പേര് എഴുതിച്ചേര്‍ക്കേണ്ടി വരില്ല.
മേയ് മാസത്തെ ധ്യാനം രണ്ടാം ശനിയാഴ്ച മേയ് 12 -ന് നടക്കും
ധ്യാനവേദിയുടെ വിലാസം
Kelvin Way
West Bromwich,
West Midlands
B70 7JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല