മരണം ഭയാനകമാണ്.അതുണ്ടാക്കുന്ന വേര്‍പാട് നികത്താനാവാത്തതും.അകാലത്തില്‍ തന്റെ പ്രിയതമനെയും പിഞ്ചു കുരുന്നിനെയും തനിച്ചാക്കി യാത്രയായപ്പോള്‍ ഒരു പക്ഷെ ഏറ്റവും വിഷമിച്ചത് ലിബിയുടെ മന്സായിരുന്നിരിക്കണം.വളരെ ചുരുങ്ങിയ നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഷാനുവിന് സമ്മാനമായി ഒരു ആണ്കുരുന്നിനെ നല്‍കിയാണ് ലിബി വിടപറഞ്ഞത്.തന്റെ പ്രിയതമയുടെ മധുരതരമായ ഓര്‍മ്മകള്‍ ഷാനുവിലേക്ക് ഓടിയെത്തുക ഇനി തന്റെ എല്ലാമെല്ലാമായള് കൂട്ടിനു തന്ന കുരുന്നിന്റെ രൂപത്തിലായിരിക്കും.
പ്രസവത്തെ തുടര്‍ന്ന് പനിയും ശ്വാസതടസ്സവും കൂടി ന്യുമോണിയ ബാധിച്ചു ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണമടഞ്ഞ മലയാളി വിദ്യാര്‍ഥിനി ലിബി ഷാനു (27)വിന് യു കെ മലയാളികളുടെ ആദരാഞ്ജലികള്‍. ലണ്ടനില്‍ എം.ബി.എ വിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ലിബി ക്രോയിഡോണിലെ മേയ് ഡേ ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.പത്തു ദിവസം മുന്‍പാണ് ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍വച്ച് സിസേറിയനിലൂടെ ലിബിയ്ക്ക് ആണ്‍കുട്ടി പിറന്നത്.തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത ലിബിയെ ശക്തമായ പനി ശക്തമായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മരണ വിവരമറിഞ്ഞ് അനവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
ലിബിയുടെ ബിര്‍മിംഗ്ഹാമിലുള്ള ബന്ധുവാണ് പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കുന്നത്.കുട്ടി ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലിബി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനാല്‍ കുഞ്ഞിന്റെ ജനസര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ല.ഇതു ലഭിച്ചാല്‍ മാത്രമേ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാനും സാധിക്കുകയുള്ളൂ.ഇതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ഷാനുവിന്റെയും ലിനിയുടെയും സുഹൃത്തുക്കള്‍.
ഷാനു ടൂട്ടിങ്ങിലെ ഒരു കമ്പനിയിലും ലിബി കെ എഫ് സിയിലുമാണ് ജോലി ചെയ്തിരുന്നത്.സ്റ്റുഡന്റ് വിസയില്‍ ജോലി ചെയ്യാവുന്ന നിശ്ചിത മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന സമ്പാദ്യം എന്തു മാത്രമാണെന്ന് നമുക്കെല്ലാം അറിയാം.പണത്തിനു പകരം പണം മാത്രമുള്ള ഈ കാലത്ത് ലിബിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുറെ നല്ല മനസുകളുടെ സഹായം ഷാനുവിന് ആവശ്യമാണ്.ഇതിനായി സഹായിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് കൊണ്ട് സുഹൃത്തുക്കള്‍ നല്കിയ ഷാനുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
Bank : Barclays
Account Holder: Shanu Padikkathukudy
Sort Code- 20-92-63
Account Number- 73203530
ഈ വിഷമകാലത്ത് ഷാനുവിന് കൈത്താങ്ങാവാന്‍ എന്‍ ആര് ഐ മലയാളി മുന്‍കൈ എടുക്കുകയാണ്.ഷാനുവിന്റെയും ലിബിയുടെയും കുഞ്ഞിന്റെയും കരളലിയിപ്പിക്കുന്ന കഥകള്‍ പ്രസിദ്ധീകരിച്ചു പേജുകള്‍ നിറയ്ക്കുന്നതിലുപരി വളരെയധികം പണം ആവശ്യമുള്ള ഈ സമയത്ത് സ്വന്തം നിലയില്‍ ഒരു ധന സഹായം ഷാനുവിന് നല്കി മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.ഏതു കാര്യവും മറ്റുള്ളവരോട് ചെയ്യാന്‍ ആവശ്യപ്പെടുന്നതിനു മുന്‍പ് സ്വന്തമായി ചെയ്തു കാണിക്കണമെന്ന തത്വം ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്.
എന്‍ ആര് മലയാളി ഷാനുവിന്റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.ഇതൊരു വലിയ തുകയാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല.പക്ഷെ അത്യന്തം വിഷമകരമായ ഈ ഘട്ടത്തില്‍ ഈ പണം ഒരു ചെറു കൈ സഹായമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.അങ്ങിനെ സംഭവിച്ചാല്‍ ഈ മാതൃക പിന്തുടരാന് നല്ല മനസുള്ള മലയാളികള്‍ തയ്യാറായാല്‍ ഒരു ചെറു തിരിവെട്ടമെങ്കിലും ആ കുടുംബത്തിനായി തെളിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.ഇനി തീരുമാനം നിങ്ങളുടേതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല