വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി യു.കെയിലെത്തുന്നവര്‍ക്കുള്ള നിയന്ത്രണം വിവിധ പഠനകോഴ്‌സുകളെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വിസാ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ശാസ്ത്ര-സാങ്കേതിക കോഴ്‌സുകള്‍ നിര്‍ത്തലാക്കേണ്ട സ്ഥിതിയുണ്ടാകുമെന്ന് പ്രമുഖ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
പ്രമുഖങ്ങളായ 16 സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍മാരാണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയത്. യു.കെയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ ആഭ്യന്തരസെക്രട്ടറി തെരേസ മേയിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ നീക്കത്തില്‍ ആശങ്ക വ്യക്തമാക്കുന്ന കത്തും ഇവര്‍ നിരീക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്.
പുതിയ നീക്കം സര്‍വ്വകലാശാലകളുടെ വരുമാനത്തെ കാര്യമായി ബാധിക്കും. കൂടാതെ മികച്ച കോഴ്‌സുകള്‍ നടത്തുന്നതിലും ഇത് കാര്യമായ തടസം സൃഷ്ടിക്കുമെന്നും വൈസ് ചാന്‍സലര്‍മാര്‍ ആശങ്കപ്പെടുന്നുണ്ട്. വിദേശത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും അഞ്ച് ബില്യണ്‍ പൗണ്ടിലധികം ഖജനാവിലേക്ക് നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് വരുമാനവും തൊഴില്‍സാധ്യതയും ഒരുപോലെ കുറയാന്‍ ഇടയാക്കും.
വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയില്ലെങ്കില്‍ പല കോഴ്‌സുകളും നിര്‍ത്തേണ്ട അവസ്ഥയാണ് സംജാതമാവുക. വിവിധ സംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരായിരിക്കും യു.കെ.യില്‍ പഠിക്കാനെത്തുക. ഇത്തരം വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ യു.കെയുടെ സംസ്‌കാരിക പ്രതിനിധികളാവുകയാണ് ചെയ്യുന്നതെന്നും വൈസ് ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല