ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞ 181,000 കുടിയേറ്റക്കാരെ കണ്ടെത്തുന്നതില്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി എം.പിമാര്‍.. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യു.കെ ബോര്‍ഡര്‍ ഏജന്‍സിക്ക് കഴിയുന്നില്ലെന്ന് കമ്മിറ്റി ഓഫ് പബ്ലിക്ക് എക്കൗണ്ട്സ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് ജോലികള്‍ സംരക്ഷിക്കുന്നതില്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടന് വിട്ടുപോകുന്നവരെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതില്‍ യു.കെ.ബി.ഐ പരാജയപ്പെട്ടു. വിസ കാലാവധി കഴിഞ്ഞ 181,000 കുടിയേറ്റക്കാര്‍ എവിടെയാണുള്ളതെന്ന് ഈ ഏജന്സിക്കറിയില്ലെന്നും കമ്മിറ്റി ഓഫ് പബ്ലിക്ക് എക്കൗണ്ടസ് കമ്മിറ്റി വ്യക്തമാക്കി.
കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിട്ടപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ ബോര്‍ഡര്‍ ഏജന്‍സിക്ക് നല്കുന്നതില് മാനേജ്മെന്റ് പരാജയപ്പെടുകയാണെന്ന് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ മാര്‍ഗരറ്റ് ഹോഡ്ജ് പറഞ്ഞു. കമ്പനികള്‍ക്കിടയിലെ കൈമാറ്റത്തിലൂടെയാണ് യു.കെയിലേക്ക് കുടിയേറ്റക്കാര്‍ കൂടുതലെത്തുന്നത്. ഇത് നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായും എം.പിമാര്‍ കണ്ടെത്തി. ഈ പഴുതുപയോഗിച്ച് യൂറോപ്പിനു പുറത്തുള്ള പതിനായിരക്കണക്കിന് ഐ.ടി തൊഴിലാളികളാണ് ബ്രിട്ടനില്‍ എത്തുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ യു.കെയിലെ ബ്രാഞ്ചുകളിലേക്കായി പുറമേനിന്നും തൊഴിലാളികളെ എത്തിക്കുകയും 40,000പൗണ്ട് വരെ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.
കുടിയേറ്റ നിയമങ്ങളില്‍ പരിഷ്കാരം ആവശ്യമുണ്ടെന്ന സംശയം ഉറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ടെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. ഇമിഗ്രേഷന്‍ സിസ്റ്റത്തെ കുറ്റമറ്റതാക്കാന്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടുതണ്ട്. യു.കെയില്‍ നിയമവിരുദ്ധമായി ജീവിക്കുക എന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ മാറ്റം വരുത്തും. ഏതെങ്കിലും തൊഴില്‍ ദാതാവ് നിയമവിരുദ്ധമായി തൊഴിലാളികളെ ഇവിടെ നിര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ കുടിയേറ്റക്കാരെ സ്പോണ്സര് ചെയ്യാനുള്ള അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല