ഗാനമേളക്കിടെ അപമാനിച്ചു എന്നാരോപിച്ച് വീട്ടമ്മ ഗായിക റിമി ടോമിക്ക് വക്കീൽ നോട്ടീസ് അയച്ചു. തുവ്വൂർ സ്വദേശിനിയായ 55 കാരിയാണ് പരാതിക്കാരി.
ജനുവരി 12 ന് നിലമ്പൂർ പാട്ടുത്സവത്തിലായിരുന്നു സംഭവം. ഗാനമേള കേൾക്കാൻ മുൻനിരയിലുണ്ടായിരുന്ന വീട്ടമ്മയെ റിമി വേദിയിൽ വിളിച്ചു കയറ്റുകയും നിലമ്പൂരിന്റെ സരിതാ നായർ എന്നു പറഞ്ഞു സദസിന് പരിചയപ്പെടുത്തുകയായിരുന്നു.
തുടർന്ന് പരിചയമില്ലാത്ത ഒരാളോടൊപ്പം നൃത്തം ചെയ്യാൻ പറയുകയും ചെയ്തു. പരിപാടി പ്രാദേശിക ടെലിവിഷൻ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഇത്രയും സഹകരിച്ചതിന് രണ്ടു പവന്റെ സ്വർണക്കമ്മൽ വീട്ടമ്മക്ക് സമ്മാനമായി നൽകാൻ പരിപാടിയുടെ സ്പോൺസറോട് റിമി ആവശ്യപ്പെടുകയു ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
തുടർന്ന് വിവാദ നായികയായ സരിതാ നായരോട് ഉപമിച്ചതിന്റെ പേരിലും വാഗ്ദാനം ചെയ്ത സ്വർണക്കമ്മൽ ലഭിക്കാതിരുന്നതിന്റെ പേരിലും അവഹേളനം ശക്തമായി. ഈ സംഭവങ്ങൾ മാനസികമായി വേദനിപ്പിച്ചതായി നോട്ടീസിൽ പറയുന്നു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും പരസ്യമായി മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല