സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരായ നേപ്പാളി വനിതകള്‍ക്ക് സൗദി നയതന്ത്രജ്ഞന്റെ വീട്ടില്‍ നാലുമാസം ക്രൂര പീഡനം, നയതന്ത്രജ്ഞനെ പോലീസിന് കൈമാറണമെന്ന് ഇന്ത്യ. വീട്ടുജോലിക്കായി എത്തിയ നേപ്പാളി സ്വദേശികളായ അമ്മയേയും മകളെയുമാണ് സൗദി എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയതായി പരാതി.
ഹരിയാനയിലെ ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് രണ്ടില്‍ സൗദി എംബസി വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് പൊലീസ് റെയ്ഡ് നടത്തി യുവതികളെ രക്ഷപ്പെടുത്തിയത്. വീട്ടുജോലിക്കെന്ന പേരില്‍ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികള്‍ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴിയിലുണ്ട്.
44 വയസുള്ള സ്ത്രീയെയും അവരുടെ 20 വയസായ മകളെയും സൗദി നയതന്ത്രജ്ഞന്‍ വീട്ടു ജോലിരെന്ന പേരിലാണ് ജിദ്ദയിലേക്ക് കൊണ്ടുപോയത്. ജിദ്ദയില്‍ വച്ചു മാന്യമായ പെരുമാറ്റമായിരുന്നു, എന്നാല്‍ നാലുമാസം മുന്‍പ് ഹരിയാന ഗുഡ്ഗാവിലെ സൗദി നയതന്ത്രജ്ഞന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടു വന്നതോടെ പീഡനങ്ങളും തുടങ്ങി. നയതന്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്‌ളാറ്റില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് സ്ത്രീകള്‍ പറയുന്നു.
ലൈംഗിക പീഡനക്കേസില്‍ വിദേശകാര്യ മന്ത്രാലയത്തിന് ഗുഡ്ഗാവ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടു രാജ്യങ്ങളുമായുളള ബന്ധത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ തുടര്‍നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം വേണമെന്ന് ഗുഡ്ഗാവ് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരോപണം സൗദി അറേബ്യ എംബസ്സി നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല