തട്ടിപ്പും വെട്ടിപ്പും എല്ലാക്കാലത്തുമുണ്ടെങ്കില്‍, ഓരോ കാലത്തിനും അതാത് കാലത്തിന്റെ മുദ്ര പതിപ്പിച്ച ചില തട്ടിപ്പുകള്‍ ഉണ്ടാറുണ്ട്. അങ്ങനെ നോക്കിയാല്‍ ഈ കാലത്തിന്റെ തട്ടിപ്പെന്ന് പറയാവുന്ന ഒന്നാണ് ഇ-മെയില്‍ വഴി നടത്തുന്ന തട്ടിപ്പ്. അതിന്റെയൊരു ഗുണം ആള് നേരിട്ട് വന്ന് കാര്യങ്ങള്‍ ഓപ്പറേറ്റ് ചെയ്യേണ്ടതില്ലെന്നതാണ്. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ മതി. ആഭ്യന്തരകലഹം രൂക്ഷമായ ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തെ രാജകുമാരിയാണെന്നും തന്റെ കോടിക്കണക്കിന് ഡോളര്‍ സ്വന്ത് മാറ്റാന്‍ തല്‍ക്കാലം ഒരു ലക്ഷം ഡോളറോ മറ്റോ വേണമെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പുമുതല്‍ ഇ-മെയില്‍ തട്ടിപ്പുകളുടെ ലോകം വിശാലമായി കിടക്കുകയാണ്.
കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെ വിമാനസര്‍വ്വീസായ റ്യാന്‍ എയറില്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞ് ലോകത്തിലെ പല രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വ്യാജ ഇ- മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. ചില രാജ്യങ്ങളില്‍ ഉള്ളവരോട് വീസക്കായി പൗണ്ടും ചില രാജ്യക്കാരോട് യൂറോയും ചോദിച്ചായിരുന്നു തട്ടിപ്പ്. ആരെങ്കിലും പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു മെയില്‍ വന്നെന്ന് പലരും സമ്മതിച്ചു.
ഇതാ മറ്റൊരു തരത്തിലുള്ള ഇ- മെയില്‍ തട്ടിപ്പിനെക്കുറിച്ചുള്ള കഥകള്‍ പുറത്തായിരിക്കുന്നു. അത് നികുതിപ്പണം തിരികെ ലഭിക്കുമെന്ന തരത്തിലുള്ള ഇ-മെയില്‍ സന്ദേശമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള മെയില്‍ ഏതാണ്ട് 46,000 പേര്‍ക്ക് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ പലര്‍ക്കും ഒന്നിലധികം മെയിലുകള്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പല വെബ്സൈറ്റുകളില്‍നിന്നാണ് ഈ മെയിലുകള്‍ വന്നിരിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍ നികുതിപ്പണവും തിരികെ നല്‍കാമെന്നാണത്രേ ഈ വെബ്സൈറ്റുകള്‍ പറയുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ P 60 മിക്കയാളുകള്‍ക്കും ലഭിച്ചു കഴിഞ്ഞതിനാല്‍ തക്ക സമയത്താണ് തട്ടിപ്പുകാര്‍ വല വിരിച്ചിരിക്കുന്നത്.
P 60 -യിലെ ടാക്സ് തുക കണ്ട് അമ്പരന്നു നില്‍ക്കുന്നവരെയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്
നികുതിപ്പണം മുഴുവന്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് മെയിലില്‍ ഒരു വെബ്സൈറ്റിന്റെ ലിങ്ക് കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ വരുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറും പാസ്സ്‌വേര്‍ഡും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പേജാണ്. അവിടെ നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ഉള്ള പണംകൂടി പോണോ വേണ്ടയോ എന്ന കാര്യമിരിക്കുന്നത്. നികുതിപ്പണം തിരികെ കിട്ടില്ലെന്ന കാര്യം വ്യക്തമായിരിക്കെ കൈയ്യിലുള്ള പണംകൂടി പോകാനുള്ള സാധ്യതയുമുണ്ട്. ഇനി മറ്റൊരു അപകടവും ഇതിലുണ്ട്. അതായത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റുള്ളവര്‍, എന്നു പറഞ്ഞാല്‍ കൊടുംകുറ്റവാളികള്‍ തന്നെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ആ അപകടം. നിങ്ങള്‍ ആ വെബ്സൈറ്റില്‍ പേരുവിവരങ്ങളും മറ്റും നല്‍കിയാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമായിരിക്കും. എന്ത് താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റാണെന്ന് വ്യക്തമായി അറിയാതെ ഒരിക്കലും വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത് എന്നുതന്നയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഇത്തരത്തിലുള്ള മെയിലുകള്‍ വന്നാലുടന്‍ എച്ച്എംആര്‍സിയെ നേരിട്ട് ബന്ധപ്പെടാനാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ നിങ്ങളുടെ ഇന്‍ബോക്സില്‍ കിടക്കുന്ന നികുതിപ്പണം തിരികെ നല്‍കുമെന്ന് പറയുന്ന മെയില്‍ ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
നാളെ വായിക്കുക : നിങ്ങള്‍ക്ക് ടാക്സ് റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടോ ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല