ലോസാഞ്ചലസ്: മരണാസന്നനായ ചെറുമകനെ കാണാന്‍ വൃദ്ധന് അവസരമൊരുക്കാനായി പൈലറ്റ് വിമാനത്തിന്റെ യാത്ര 12 മിനിറ്റ് വൈകിച്ചു.
അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈനിലെ പൈലറ്റാണ് മാര്‍ക്ക് എന്ന വൃദ്ധനോട് ഇത്രയും കരുണയോടെ പ്രവര്‍ത്തിച്ചത്.
മാര്‍ക്കിന്റെ മകള്‍ ഡെന്‍വറിലാണ് താമസം. മകളുടെ ആദ്യ ബന്ധത്തിലെ മൂന്നു വയസ്‌സുള്ള കുട്ടിയെ അവരുടെ കാമുകന്‍ ഇടിച്ചുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച കുട്ടി വെന്റിലേറ്ററിലായിരുന്നു. അവന്റ അവയവങ്ങള്‍ ദാനംചെയ്യുന്നതിനായി വെന്റിലേറ്റര്‍ ഊരും മുന്‍പ് ചെറുമകനെ കാണാന്‍ പുറപ്പെട്ടതാണ് മാര്‍ക്ക്.
വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പു തന്നെ മാര്‍ക്ക് ലോസാഞ്ചലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍, വളരെ നീണ്ട സെക്യൂരിറ്റി ചെക്ക് ക്യൂവില്‍ കുടുങ്ങിയ മാര്‍ക് വിമാനത്തിലേക്കുള്ള എന്‍ട്രി ഗേറ്റിനടുത്ത് എത്തിയപ്പോള്‍ 12 മിനിറ്റ് വൈകയിരുന്നു. അദ്ദേഹത്തിന്റെ കദനകഥ കേട്ട പൈലറ്റിന് അലിവു തോന്നി വിമാനം പിടിച്ചിടുകയായിരുന്നു.
മാര്‍ക് വിമാനത്തില്‍ വന്നു കയറിയ സമയം കോക്പിറ്റില്‍ നിന്ന് പൈലറ്റ് വിളിച്ചു ചോദിച്ചു, താങ്കള്‍ മിസ്റ്റര്‍ മാര്‍ക്കാണോ? താങ്കള്‍ക്കു വേണ്ടിയാണ് വിമാനം ഇത്രനേരവും പിടിച്ചിട്ടിരുന്നത്. താങ്കളുടെ ചെറുമക ന്റെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്.
11.50ന് പുറപ്പെടേണ്ട വിമാനം മാര്‍ക്കിനെയും കയറ്റി 12.02നാണ് പുറപ്പെട്ടത്.
ഡെന്‍വറില്‍ വിമാനമിറങ്ങിയ മാര്‍ക്ക് പൈലറ്റിനു നന്ദി പറയാന്‍ മറന്നില്ല. അപ്പോള്‍ പൈലറ്റിന്റെ മറുപടി ഇതായിരുന്നു: എന്നെക്കൂടാതെ അവര്‍ക്ക് (യാത്രക്കാര്‍ക്ക്) എങ്ങോട്ടും പോകാനാവില്ല. എനിക്കാണെങ്കില്‍ താങ്കളെ കൂടാതെ പോകാനും മനസ്‌സുവന്നില്ല. പോയി ചെറുമകന് യാത്രാമൊഴി ചൊല്ലൂ. താങ്കളുടെ വേദനയില്‍ എനിക്കും ദുഃഖമുണ്ട്.
പൈലറ്റിന്റെ ഹൃദയവിശാലതയെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വക്താവ് പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല