ലണ്ടന്‍: ആശുപത്രിയില്‍ അവഗണിക്കപ്പെട്ട് കിടക്കുന്ന വൃദ്ധന്‍മാരെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കുടിവെള്ളം കുറിച്ചുനല്‍കുന്നതായി റിപ്പോര്‍ട്ട്. മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കുടിവെള്ളം നല്‍കണമെന്നതുപോലും നഴ്‌സുമാരെ ഓര്‍മ്മിപ്പിക്കണം എന്ന അവസ്ഥയാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പെന്‍ഷണര്‍ കെയര്‍ എന്‍.എച്ച്.എസ് വാര്‍ഡുകളിലെ രോഗികളാണ് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ അവഗണന നേരിടുന്നത്. ചില ട്രസ്റ്റുകള്‍ വൃദ്ധന്‍മാരെ അവഗണിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ശരിയായ സൗകര്യം ലഭ്യമാക്കാത്ത വാര്‍ഡുകള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും അധികൃതര്‍ ഈ ട്രസ്റ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
മെയില്‍ ക്യാപെയിനാണ് ഈ പഠനം നടത്തിയത്. ഓരോ വര്‍ഷവും മരിക്കുന്ന രോഗികളില്‍ 800ലധികം പേരുടെ മരണകാരണം നിര്‍ജ്ജലീകരണമാണ്. പോഷകാഹാര കുറവ് കാരണം വര്‍ഷം 300ലധികം പേര്‍ മരിക്കുന്നുമുണ്ട്. അധികൃതര്‍ മോശമായി പെരുമാറുന്നു എന്ന് മിക്ക രോഗികളും പരാതി പറയുന്നതായി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ രോഗികള്‍ക്കരികില്‍ സ്ഥാപിച്ചിട്ടുള്ള എമര്‍ജന്‍സി സ്വിച്ചുകളില്‍ മിക്കതും പ്രവര്‍ത്തനം നിലച്ചതാണെന്നും പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ഏഴോ എട്ടോ തവണ അമര്‍ത്തിയാല്‍ മാത്രമേ നഴ്‌സ് കാര്യം അന്വേഷിക്കാനെത്താറുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം 12 എന്‍.എച്ച്.എസ് ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ട്രസ്റ്റില്‍ നിയമം അനുശാസിക്കുന്ന അടിസ്ഥാന സൗകര്യം പോലും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വോര്‍സെസ്റ്റര്‍ഷൈര്‍ അക്യൂട്ട് ഹോസ്പിറ്റല്‍, ഇപ്‌സ്വിച്ച് ഹോസ്പിറ്റല്‍ എന്‍.എച്ച്.എസ് ട്രസ്റ്റ്, റോയല്‍ ഫ്രീ ഹാംസ്റ്റഡ് എന്‍.എച്ച്.എസ് ട്രസ്റ്റ് എന്നിവയാണ് ആ ആശുപത്രികള്‍.
ഈ വര്‍ഷം ആദ്യം ഹെല്‍ത്ത് സര്‍വ്വീസ് നടത്തിയ പഠനത്തിലും രോഗികള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. പ്രായമായവര്‍ക്ക് ആശുപത്രിയില്‍ വേണ്ടത്ര സൗകര്യം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നഴ്‌സുമാരും, മുതിര്‍ന്ന രോഗികളുമുള്‍പ്പെട്ട സി.ക്യൂ.സി സംഘം ഫെബ്രുവരിമുതല്‍ 100 എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മേല്‍പറഞ്ഞ മൂന്ന് ട്രസ്റ്റുകള്‍ കൂടാതെ ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റ്, ഹോമേര്‍ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് , വൈ വാലി എന്‍.എച്ച്.എസ് ട്രസ്റ്റ് എന്നിവയും അടിസ്ഥാന സൗകര്യം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ആശുപത്രികള്‍ക്ക് ശരിയായ സൗകര്യം ഏര്‍പ്പെടുത്താന്‍ കുറച്ചുകാലം അനുവദിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് നടക്കുന്ന പരിശോധനയില്‍ സൗകര്യക്കുറവ് കണ്ടാല്‍ പിഴ ഈടാക്കുകയും, വാര്‍ഡുകള്‍ അടച്ചുപൂട്ടുകയും ചെയ്യാനാണ് തീരുമാനം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല