യുക്മയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ ഞായറാഴ്ച നടക്കുകയാണല്ലോ.ഇത്തരുണത്തില്‍ യുക്മയുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണം എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.യുക്മയുടെ ശക്തിയും ഓജസ്സും അതിന്റെ അടിത്തൂണുകളായ പ്രാദേശിക മലയാളി സംഘടനകളാണ്. ഈ സംഘടനകളെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് നമുക്ക് യുക്മയെ ശക്തിപ്പെടുത്താന്‍ കഴിയുക എന്നതുകൊണ്ട് ഇവയെ എങ്ങനെ ഊര്‍ജ്ജസ്വലമാക്കാം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യപ്രക്രിയയുടെ അഭാവം പല മലയാളി അസോസിയേഷനുകളുടെയും സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലതിലും ഒരു കമ്മിറ്റി പോലുമില്ല. കമ്മറ്റിയുണ്ടാക്കിയാല്‍ ചര്‍ച്ചയുണ്ടാകും,ചര്‍ച്ചയുണ്ടായാല്‍ അഭിപ്രായപ്രകടനവും അഭിപ്രായ വ്യത്യാസവും ഉണ്ടാകും. അതാണ് സംഘടനയെ പിളര്‍പ്പിലേക്ക് നയിക്കുന്നത് എന്നവര്‍ വാദിയ്ക്കുന്നു. അവര്‍ വിശ്വസ്തനായ ഒരു വ്യക്തിയുടെ നേതൃത്വം കണ്ണടച്ച് അഗീകരിക്കാന്‍ തയ്യാറാണ്. ഇയാള്‍ക്ക് ഏതെങ്കിലും മത, ജാതി സംഘടനയോട് അടുപ്പമുണ്ടെങ്കില്‍ അത്രയും നല്ലത്.
ഞാന്‍ ഒരു വര്‍ഷം സെക്രട്ടറിയായിരുന്നു സംഘടനയില്‍ നിന്ന് എന്നെയും എന്റെയും ചില സഹപ്രവര്‍ത്തകരെയും ജനാധിപത്യ പ്രക്രിയയുടെ അഭാവത്തെ ചോദ്യം ചെയ്തതിന് വട്ടന്മാര്‍ എന്നു വിളിച്ച് പുറത്താക്കി. അനുരഞ്ജന ചര്‍ച്ചയ്ക്കു വേണ്ടി മുമ്പോട്ടുവന്ന മൂന്നു പേരെയും അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ചവറ്റുകുട്ടയില്‍ എറിഞ്ഞു. ‘ അതും വട്ടന്മാര്‍’ എന്ന് മുദ്രകുത്തി. അതിനുശേഷം തുടങ്ങിയ പുതിയ സംഘടനയിലും കമ്മിറ്റി വ്യവസ്ഥയെ പാര്‍ശ്വവത്കരിയ്ക്കാവാനും വ്യക്തി പ്രഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള നേതൃത്വം അംഗീകരിയ്ക്കുവാനുള്ള ഒരു പ്രവണത കാണുകയുണ്ടായി.
ജനാധിപത്യ പ്രക്രിയ നടപ്പിലാക്കാത്ത സംഘടനകള്‍ക്ക് യാതൊരു ഭാവിയും ഇല്ല, അവ സ്വയം മരിക്കുന്നതാണ് നല്ലത്. ഇവയ്ക്കെല്ലാം യുക്മയില്‍ മെംമ്പര്‍ഷിപ്പ് നല്‍കി താങ്ങിനിര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തോടുള്ള ഒരു വെല്ലുവിളിയായിട്ടെ കാണുവാന്‍ കഴിയുകയുള്ളൂ. ഒരു കുട സംഘടന എന്ന നിലയില്‍ പ്രാദേശിക സംഘടനകളില്‍ സുതാര്യതയും ഉത്തരവാദിത്വവും വളര്‍ത്തുന്നതിന് യുക്മയ്ക്ക് കാലോചിത ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമായിരുന്നെങ്കില്‍ നന്നായിരുന്നു. ജനാധിപത്യം മലയാളികള്‍ വിലമതിയ്ക്കുന്ന ഒരു മൂല്യമാണ് എന്ന കാര്യം നാം എല്ലാം അംഗീകരിക്കേണ്ടതാണ് .
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് അട്ടപ്പാടി സ്വദേശിയായ ഒരു ബ്രദര്‍ ബ്രിട്ടനില്‍ വരികയും ഒരു മാസത്തോളം ഇവിടെ ചുറ്റിക്കറങ്ങി പല സദസ്സുകളിലും നൂറുകണക്കിന് ആളുകളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഒരു മുഴുക്കുടിയനില്‍ നിന്നും അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ കഥ നാടകീയമായി അവതരിപ്പിച്ച് ശ്രോതാക്കളില്‍ അനുകമ്പയുണ്ടാക്കി. അവരില്‍ നിന്നും പൈസ പിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. ഈ മീറ്റിംഗുകളില്‍ മലയാളി അസോസിയേഷനുകളെ മേശയ്ക്കുചുറ്റുമിരുന്ന് മദ്യപാനം നടത്തി പരദൂഷണം പറയുന്ന സംഘടകളായി ചിത്രീകരിച്ചും അവയില്‍ പോകുന്നതില്‍ നിന്നും അദ്ദേഹം തന്റെ സദസ്യരെ നിരുത്സാഹപ്പെടുത്തി.
ബര്‍മിംങ്ഹാം കേന്ദ്രമായി വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന ചില നവീകരണ പ്രസ്ഥാനങ്ങള്‍ മേല്‍പ്പറഞ്ഞ ബ്രദറിന്റെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായി എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ നേരത്തെ മെമ്പറായിരുന്ന അസോസിയേഷനിലെ പലരും നവീകരണ പ്രസ്ഥാനത്തിന്‍റെ ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകഴിഞ്ഞു.അസോസിയേഷന്‍ പരിപാടികളില്‍ ആളുകള്‍ പങ്കെടുക്കുന്നത് നിരുല്‍സാഹപ്പെടുത്തുകയും ആഘോഷങ്ങള്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തണമെന്ന് ഇക്കൂട്ടര്‍ ആഹ്വാനം ചെയ്യുന്നതായും കേള്‍ക്കുന്നു.
കൂടുതല്‍ ആളുകള്‍ ഈ ആശയങ്ങളെ സ്വീകരിക്കുന്നതോടുകൂടി പല അസോസിയേഷനുകളുടേയും നിലനില്‍പ്പുതന്നെ അവതാളത്തിലാകും. ഒട്ടകങ്ങളെ പ്പോലെ ഈ പ്രതിഭാസം കണ്ടില്ല എന്നു നടിയ്ക്കുന്നത് യുക്മയെ സംബന്ധിച്ചിടത്തോളം സ്വന്തം കുഴിമാടം മാന്തുന്നതിന് തുല്യമായിരിക്കും. മത നിരപേക്ഷത കേരള സംസ്‌കാരത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. അത് പ്രോത്സാഹിപ്പിക്കുവാന്‍ യുക്മ മുന്‍കൈ എടുക്കുന്നതില്‍ ഞാന്‍ യാതൊരു തെറ്റും കാണുന്നില്ല.
കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ പല അസോസിയേഷനുകളുടെയും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. ഇവയുടെ സംഘാടകര്‍ ഇതിനു പുറകില്‍ യത്‌നിച്ചിരുന്നെങ്കിലും, ഒന്നിനും തന്നെ നാം ഇംഗ്ലീഷുകാരുടെ പരിപാടികള്‍ക്ക് കാണുന്ന തരത്തിലുള്ള നിലവാരം ഉണ്ടായിരുന്നില്ല. ഇത് പ്രത്യേകിച്ച് സംഘടനാതലത്തില്‍ വരും തലമുറകളിലേക്ക് നമ്മുടെ പൈതൃകത്തെ കൈമാറുക എന്നതാണ് മുഖ്യ ഉദ്ദേശം എന്ന് എല്ലാ സംഘടനകളും തന്നെ പ്രഖ്യാപിക്കാറുണ്ട്. നമ്മുടെ സംസ്‌കാരത്തെ ആകര്‍ഷണമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് അതിനോട് താല്‍പര്യമുണ്ടാകുകയുള്ളൂ. അതിനു കഴിയാത്ത പക്ഷം, അവര്‍ വലുതാകുമ്പോള്‍ ഇവിടുത്ത ആകര്‍ഷകമായി അവതരിക്കപ്പെടുന്ന സംസ്‌കാരത്തോട് താരതമ്യപ്പെടുത്തി അവരുടെ സംസ്‌കാരത്തെ ഒരു പക്ഷെ വെറുത്തു പോയേക്കാം. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ എന്ന് യുക്മ നേതൃത്വം ചിന്തിക്കേണ്ടതുണ്ട്.
യുക്മയുടെ നേതൃത്വത്തില്‍ ആദ്യമായി നടത്തിയ സംസ്‌കാരിക സമ്മേളനം അധികം പ്രോത്സാഹനം നല്‍കുന്ന ഒന്നായിരുന്നില്ല. ആ പോരായ്മകള്‍ ഭാവിയില്‍ മറികടക്കും എന്ന് എനിയ്ക്കുറപ്പുണ്ട്. ശ്രമം ശ്ലാഘനീയം തന്നെ. റീജിയണല്‍ തലത്തില്‍ ആ പ്രദേശത്തെ എല്ലാ മലയാളി അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത പരിപാടികള്‍ അണിനിരത്തിക്കൊണ്ട് എല്ലാ സമൂഹങ്ങള്‍ക്കും വേണ്ടി ഒരു സാസംക്കാരിക വിരുന്ന് നമുക്ക് ഒരുക്കുവാന്‍ കഴിയണം. അതു ചെയ്യുവാന്‍ കഴിഞ്ഞാല്‍ നമ്മുടെ സംസ്‌കാരത്തെ ആകര്‍ഷകമായി നമ്മുടെയും മറ്റുള്ളവരുടെയും മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനും സംഘടനത്തിന് തന്നെ അസോസിയേഷനുകള്‍ക്ക് ഒരു മാതൃക നല്‍കുവാനും കഴിയും.
ഈ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ആര്‍ജ്ജവമുള്ള ഒരു നേതൃത്വം യുക്മയ്ക്ക് ഉണ്ടായില്ലെങ്കില്‍ യുക്മ തന്നെ അപ്രസക്തമായി മാറും. പിടിച്ചുനില്‍ക്കുവാന്‍ വേണ്ടി വീണ്ടും പഴഞ്ചന്‍ കോട്ടുകള്‍ തേടി അലയേണ്ട സാഹചര്യമായിരിക്കും ഉണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല