സ്വന്തം ലേഖകൻ: ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ അടച്ചു. ഷാര്‍ജയിലെയും ഫുജൈറയിലെയും റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്.
ഏഴ് അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡുകള്‍ തുറക്കുന്നതുവരെ വരെ മറ്റ് പാതകള്‍ ഉപയോഗിക്കണമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഷാര്‍ജ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയതിനാല്‍ കോര്‍ണിഷ് റോഡും അടച്ചതായി സാമൂഹിക മാധ്യമങ്ങള്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റിന്റെ ഫലമായി യുഎഇയിലെ വിവിധയിടങ്ങളില്‍ കടല്‍വെള്ളം കയറി. കല്‍ബയിലെ അല്‍ ബര്‍ദി പ്രദേശത്ത് ഇരുപതിലധികം വീടുകളില്‍ വെള്ളം കയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ നിരവധി വീടുകളെയും ബാധിച്ചിട്ടുണ്ട്. കല്‍ബയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഇവര്‍ക്ക് ഹോട്ടലുകളില്‍ അധികൃതര്‍ താമസ സൗകര്യമൊരുക്കുകയും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നുണ്ട്. അപകടമൊഴിവാക്കാനായി ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളം കയറിയതിനാല്‍ പല റോഡുകളിലും വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. കാലാവസ്ഥ മോശമാകാനുള്ള സാധ്യത കണക്കിലെടുത്ത് ചില സ്കൂളുകള്‍ക്ക് അവധി നല്കി കുട്ടികളെ വീടുകളിലേക്ക് അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല