അപ്പച്ചന്‍ കണ്ണഞ്ചിറ (വാല്‍ത്സിങ്ങാം):പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച ‘ഭവനം’ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും,യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന വാല്‍ത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം സംഘടിപ്പിക്കുന്ന പ്രഥമ തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകുവാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള മരിയന്‍ഭക്തരും.ദേശീയ തലത്തില്‍ മാതൃ ഭക്തര്‍ ഒത്തു കൂടുന്ന മരിയന്‍ പ്രഘോഷണ ദിന ആഘോഷത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയുടെ പരിധിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ചാപ്ലൈന്‍സിയുടെ കീഴിലുള്ള മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മാതൃ ഭക്തര്‍ 6 കോച്ചുകളിലും നിരവധി കാറുകളിലുമായി മാതൃ സന്നിധിയില്‍ എത്തി തീര്‍ത്ഥാടനത്തില്‍ പങ്കാളികളാവും.
യു കെ യില്‍ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തം കൊണ്ടും,മാതൃ ഭക്തജന വന്‍ പങ്കാളിത്തം കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ സഡ്ഡ്ബറി കാത്തലിക് കമ്മ്യുണിറ്റി കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം മലയാളി മരിയന്‍ ചരിത്ര താളില്‍ ആത്മീയ നവ ചരിത്രം കുറിക്കും.
ഈസ്റ്റ് ആന്ഗ്ലിയായിലെ കാനന്‍ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പേ മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്തു നേതൃത്വം നല്‍കി ആതിഥേയരായ ഈസ്റ്റ് ആംഗ്ലിയായിലെ മരിയന്‍ ഭക്തരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ക്രമേണ യു കെ യിലെ മുഴുവന്‍ മാതൃഭക്തരും ഹൃദയത്തില്‍ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച സംഘാടകത്വം പുറത്തെടുക്കുവാനുള്ള ഈ വര്‍ഷത്തെ സഡ്ബറിയിലെ പ്രാര്‍ത്ഥനാ നിരതരായ ഏഴു കുടുംബങ്ങളുടെ കൂട്ടായ ശ്രമം അവരുടെ തീക്ഷ്ണമായ മരിയന്‍ ഭക്തിയില്‍ തീര്‍ത്ഥാടകര്‍ക്കായി വാല്‍ത്സിങ്ങാമില്‍ അനുഗ്രഹങ്ങളുടെ വിളനിലം തീര്‍ക്കും.
കത്തോലിക്കരുടെ അധീനതയിലുള്ള വാല്‍ത്സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ ജൂലൈ 16 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ യു കെ യിലെ അനുഗ്രഹീത വചന പ്രഘോഷകനായ സോജി ഓലിക്കല്‍ അച്ചന്‍ നടത്തുന്ന മരിയന്‍ പ്രഘോഷണം ആല്മീയ നിറവ് പകരും.പതിനൊന്നര മുതല്‍ രണ്ടു മണി വരെ കുട്ടികളെ അടിമ വെക്കുന്നതിനും,ഭക്ഷണത്തിനുമായുള്ള ഇടവേള ആയിരിക്കും.തുടര്‍ന്ന് നടക്കുന്ന മരിയന്‍ റാലിയില്‍ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ച്,’ആവേ മരിയാ’ സ്തുതിപ്പുകളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധേയത്തേ മാതൃ ഭക്തിസാന്ദ്രമാക്കും.
തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികനും,സംഘാടകനുമായി സീറോ മലബാര്‍ സഭയുടെ യു കെ യിലെ അജപാലക ശ്രേഷ്ഠന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹീത സാന്നിദ്ധ്യം ഈ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നായി അജപാലന ശുശ്രുഷ ചെയ്യുന്ന മുഴുവന്‍ വൈദികരുടെയും നീണ്ട നിര തന്നെ ഉണ്ടാവും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും പ്രാപിക്കുവാന്‍ ഏറ്റവും അനുഗ്രഹീതമായ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സ്റ്റീവനേജ്, വെംബ്ലി,എഡ്മണ്ടന്‍, എന്‍ഫീല്‍ഡ്,വാറ്റ്‌ഫോര്‍ഡ്, ഹെയ്‌സ് അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നായി കോച്ചുകളിലും കാറുകളിലുമായി നിരവധി മാതൃ ഭക്തര്‍ മരിയോത്സവത്തില്‍ പങ്കു ചേരും. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ കൂടിയായ ഫാ.സെബാസ്‌ററ്യന്‍ ചാമക്കാലയാണ് ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ ഗാന ശുശ്രുഷ നയിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല