1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2011

വെയില്‍സിലെ മൂന്നു കൗണ്ടികളിലായി പ്രമുഖങ്ങളായ ആറു ചെറിയ പട്ടണങ്ങളെ കേന്ദ്രീകരിച്ചു താമസിക്കുന്ന മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു നിലവില്‍ വന്ന വെസ്റ്റ് വെയില്‍സ് മലയാളി അസ്സോസിയേഷന്‍ യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സില്‍ (യുക്മ)അംഗമായി ചേര്‍ന്നു.

10 മുതല്‍ 50ലേറെ മലയാളികള്‍ താമസിക്കുന്ന 80 മൈ ല്‍ ചുറ്റളവിലുള്ള 3 കൗണ്ടികളിലെ മലയാളികളെ ഏകോപിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്ക് ചുക്കാന്‍ പിടിക്കുകയും മാര്‍ച്ച് 12 ന് കാരഡിഗനിലെ ഔര്‍ ലേഡി ഓഫ് ടാപെര്‍ കാത്തലിക് ചര്‍ച്ച് ഹാളില്‍ വച്ച് സംഘടനയുടെ ഉല്‍ഘാടനം നടത്തുകയും ചെയ്തത് മലയാളികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സംഘടനാബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണെന്ന് സംഘടനയുടെ ഭരണസമിതി അഭിപ്രായപ്പെട്ടു. യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ബിനോ ആന്റണിയുടെ സാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയമായ ഉല്‍ഘാടന സമ്മേളനത്തില്‍, മേയര്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് മോറിസ്, കമ്മ്യൂണിറ്റി ഫസ്റ്റ് കോര്‍ഡിനേറ്റര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വെല്‍ഷ് എം. പി മിസ്‌റ്റെര്‍ മാര്‍ക് വില്ല്യംസ് ആണ് ഭദ്രദീപം കൊളുത്തി സംഘടന ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തത്.

കാരഡിഗനില്‍ നിന്നുള്ള സജി ജോസഫ് പ്രസിഡന്റായും, കാര്‍മാര്‍തെനില്‍ നിന്നുള്ള മനു തോമസ് മാത്യു സെക്രട്ടറിയായും ആബെറിസ്ട്വിതില്‍ നിന്നുള്ള സോണി ഫിലിപ് ട്രഷറര്‍ ആയും ചുമതലയേറ്റ ഭരണസമിതി മാര്‍ച്ച് 29ന് ചേര്‍ന്ന യോഗത്തില്‍ വച്ച് യുക്മയില്‍ ചേരുന്നതിനുള്ള തീരുമാനമെടുക്കുകയും യുക്മയില്‍ ചേരുകയും ചെയ്തു. വെസ്റ്റ് വെയില്‍സിലെ മലയാളി സമൂഹത്തിന്റെ ഏകോപനത്തിലും സംഘടനയുടെ ഭാവി പരിപാടികള്‍ രൂപീകരിക്കുന്നതിലും സംഘടനയുടെ വൈസ് പ്രസിഡന്റായ ആബെറിസ്ട്വിതില്‍ നിന്നുള്ള റെജി പീറ്ററും, ജോയിന്റ് സെക്രട്ടറി ഹാവെര്‍ഫോര്‍ഡ് വെസ്റ്റില്‍ നിന്നുള്ള ഫില്‍ജി വര്‍ഗീസും ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്.

കൂടുതല്‍ സംഘടനകള്‍ യുക്മയില്‍ അംഗത്വമെടുക്കുന്നത് യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും വെസ്റ്റ് വെയില്‍സ് മലയാളി അസ്സോസിയേഷനും അതിന്റെ പ്രവര്‍ത്തകര്‍ക്കും യുക്മകൂട്ടായ്മയിലേക്ക് സ്വാഗതം ആശംസിക്കുന്നതായും യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി അവര്‍ക്ക് എല്ലാവിധ അനുമോദനങ്ങളും ഭാവുകങ്ങളും ആശംസിക്കുന്നതായും യുക്മ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണ്‍ പറഞ്ഞു.

യുക്മയുടെതുപോലെ സമാന വീക്ഷണമുള്ള വെസ്റ്റ് വെയില്‍സ് മലയാളി അസ്സോസിയേഷന്‍ തങ്ങളുടെ ഉല്‍ഘാടനസമ്മേളനത്തില്‍ തന്നെ റാഫിള്‍ ടിക്കറ്റ് പിരിവിലൂടെ സമഹരിച്ച 270 പൗണ്ട് സ്ഥലത്തെ പ്രമുഖ സ്‌കൂളിന്റെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നല്‍കി മാതൃകയാകുകയും ചെയ്തു. യുക്മയുടെ ഭാവി പരിപാടികളില്‍ സജീവമായി സംബന്ധിക്കുമെന്നും ചെറിയ ചെറിയ മലയാളി സമൂഹങ്ങളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ ഒരുക്കുന്ന യുക്മ യുകെയിലെ മലയാളി സമൂഹത്തിന്റെ അത്താണിയാകുമെന്നതില്‍ സംശയമില്ലെന്നും അസ്സോസിയേഷന്‍ ഭാരവാഹികള്‍ അടിവരയിട്ടു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.