ജോബി ആന്റണി (വിയന്ന): ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) ആദ്യ മഹാസമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരള നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും, ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വനിതകള്‍ക്കും, യുവജങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോള്‍ട്ടിജ് സംഗീത നിശ അരങ്ങേറും.
ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ചെയര്‍മാനായ കണ്‍വെന്‍ഷന്‍ കമ്മിറ്റി സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. വര്‍ഗീസ് പഞ്ഞിക്കാരന്‍ (ജനറല്‍ കണ്‍വീനര്‍), തോമസ് പടിഞ്ഞാറേകലയില്‍ (ഓസ്ട്രിയ), ഷൌക്കത്ത് പറമ്പി (ഇന്ത്യ), ഡോണി ജോര്‍ജ് (ജര്‍മ്മനി), നൗഷാദ് ആലുവ (കിങ്ഡം ഓഫ് സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടില്‍ (ആഫ്രിക്ക), ഫൈസല്‍ വെള്ളാണി (കിങ്ഡം ഓഫ് സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയാണ് ആഘോഷ പരിപാടികള്‍ ഏകോപിക്കുന്നതില്‍ നേതൃത്വംനല്കുന്നത്.
സാബു ചക്കാലക്കല്‍ (റിസപ്ഷന്‍ കമ്മിറ്റി), ഉമേഷ് മേനോന്‍ (ബിസിനസ് സിമ്പോസിയം), ബീന വെളിയത് (വിമന്‍സ് ഫോറം), സ്റ്റാന്‍ലി ജോസ് (ഡബ്‌ള്യു.എം.എഫ് കൊളോക്യയം), ജെഫിന്‍ കീക്കാട്ടില്‍ (യൂത്ത് സമ്മിറ്റ്), ആന്റണി പുത്തന്‍പുരയ്ക്കല്‍ (ഫാമിലി സെമിനാര്‍), ടോമിച്ചന്‍ പാരുകണ്ണില്‍ (ഡബ്‌ള്യു.എം.എഫ് ചാരിറ്റി നെറ്റ് വര്‍ക്ക്), ഘോഷ് അഞ്ചേരില്‍ (കള്‍ച്ചറല്‍ ഇവന്റ്‌സ്), തോമസ് കാരയ്ക്കാട്ട് (ഇന്‍ഫ്രാസ്ട്രക്ച്ചര്‍), ജോബി ആന്റണി (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ഷമീര്‍ യുസഫ് (ഇലക്ഷന്‍ കമ്മീഷന്‍), സഞ്ജീവന്‍ ആണ്ടിവീട് (ഫിനാന്‍സ്) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
വിശദവിവരങ്ങള്‍ക്ക്:
ഫോണ്‍: 004369919417357
ഇമെയില്‍: wmfglobalmeet@gmail.com
വെബ്‌സൈറ്റ്: http://worldmalayaleefederation.com/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല