ബിന്‍സു ജോണ്‍: ആഗോള മലയാളികള്‍ക്ക് പുത്തന്‍ ആവേശമായി വളര്‍ന്ന് വരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ യുകെ ചാപ്റ്ററിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേവലം ഒരു വര്‍ഷം മുന്‍പ് രൂപം കൊള്ളുകയും ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. 2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ഇന്ത്യന്‍ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു ഡബ്ല്യുഎംഎഫ് യുകെ ചാപ്റ്ററിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കക്കുന്നിലിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യുകെയിലെ ആദ്യ യോഗം നടന്നത്. യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ആശ മാത്യു നന്ദിയും അറിയിച്ചു.
ഡബ്ല്യുഎംഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കക്കുന്നേല്‍ യോഗത്തില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിക്കൊണ്ട്, കഴിഞ്ഞ ചെറിയ കാലയളവില്‍ സംഘടന ചെയ്ത കാര്യങ്ങളും ആഗോളതലത്തില്‍ സംഘടനയുടെ ചട്ടക്കൂടും വളര്‍ച്ചയും വിശദീകരിച്ച പ്രിന്‍സ് ഡബ്ല്യുഎംഎഫ് നിലവിലുള്ള ഒരു മലയാളി സംഘടനയുടെയും ബദലോ എതിരാളിയോ അല്ലെന്നും എടുത്തു പറഞ്ഞു. വേറിട്ട ലക്ഷ്യങ്ങളും പുരോഗമനാത്മക നീക്കങ്ങളുമായി ലോക മലയാളികളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഡബ്ല്യുഎംഎഫ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സ്വീകരിക്കുക എന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ഒരു അനൌപചാരിക യോഗമായിരുന്നു ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വം നിലവില്‍ വരുന്നത് വരെ മാത്രമായിരിക്കും ഇപ്പോള്‍ തെരഞ്ഞെടുത്ത അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചുമതല.
യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ കൂടാതെ ആശ മാത്യു, സുഗതന്‍ തെക്കെപ്പുര, ബിന്‍സു ജോണ്‍, സണ്ണിമോന്‍ മത്തായി, തോമസ് ജോണ്‍, സുജു ഡാനിയേല്‍, ജോസ് തോമസ്, ജോജി ചക്കാലയ്ക്കല്‍, ജോമോന്‍ കുന്നേല്‍, ഷാന്റിമോള്‍ ജോര്‍ജ്ജ് എന്നിവരെയാണ് അഡ്‌ഹോക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ടി. ഹരിദാസ് (ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍), എസ്. ശ്രീകുമാര്‍ (ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍), ഫിലിപ്പ് എബ്രഹാം (ലൌട്ടന്‍ മേയര്‍) എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തിട്ടുണ്ട്.
യുകെയിലെ എല്ലാ മലയാളികള്‍ക്കും മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ അസോസിയേഷന്‍, ക്ലബ് എന്നീ പരിഗണനകള്‍ക്കതീതമായി അംഗത്വം എടുക്കാവുന്ന രീതിയിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും എന്ന് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല