1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2011

കൊച്ചി: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാനുള്ള നടപടികള്‍ വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. രണ്ട് ദിവസത്തിനുള്ളില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷന്‍ കെഎസ്ഇബിക്ക് ലഭിക്കും.

കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രൂപവത്കരിച്ചിരിക്കുന്നത്. 3,500 കോടി രൂപയാണ് അംഗീകൃത മൂലധനം. കെഎസ്ഇബിയുടെ നിലവിലെ ചെയര്‍മാനായിരിക്കും പുതിയ കമ്പനിയുടെയും ചെയര്‍മാന്‍. വൈദ്യുതിബോര്‍ഡ് അംഗങ്ങള്‍ അതേപടി കമ്പനിയുടെ ഡയറക്ടര്‍മാരാകും.

കമ്പനി രൂപവത്കരണം പൂര്‍ത്തിയാകുന്നതോടെ, വൈദ്യുതി ബോര്‍ഡിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും ആസ്തികളും ബാധ്യതകളും പുതിയ കമ്പനിക്ക് കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇത് നീളാനാണ് സാധ്യത. കമ്പനി രൂപവത്കരണം സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാലുടന്‍ കെഎസ്ഇബി അത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടും. സര്‍ക്കാരിന്റെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും ആസ്തിയും ബാധ്യതയുമൊക്കെ പുതിയ കമ്പനിയിലേക്ക് മാറ്റാനാകൂ. കേന്ദ്രത്തില്‍ നിന്ന് വീണ്ടും സമ്മര്‍ദ്ദമുണ്ടായാലേ അത് വേഗത്തിലുണ്ടാകാന്‍ സാധ്യതയുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഇതു സംബന്ധിച്ച് ഉടന്‍ ഒരു തീരുമാനമുണ്ടാകാന്‍ ഇടയില്ല. തിരഞ്ഞെടുപ്പിന് ശേഷമേ അതുണ്ടാവുകയുള്ളൂ. അതിന് ശേഷമേ ജീവനക്കാരെ പുതിയ കമ്പനിയിലേക്ക് മാറ്റൂ. ഏതാണ്ട് 27,000 ജീവനക്കാരാണ് വൈദ്യുതി ബോര്‍ഡില്‍ നിലവിലുള്ളത്. ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 5,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. 1,100 കോടി രൂപയുടെ കടബാധ്യതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.