വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വന്‍തുക ഇന്‍ഷുറന്‍സ് ക്ലെയിമായി തട്ടിയെടുത്ത കേസില്‍ ഇന്ത്യന്‍ വംശജയ്ക്ക് ജയില്‍ശിക്ഷ. പദ്ധതി തയ്യാറാക്കാനായി സഹായിച്ച പോലീസ് ഓഫീസറായ ഭര്‍ത്താവിനും ശിക്ഷ വിധിച്ചിട്ടുണ്ട്.
റോസീന ബട്ട് എന്ന 39 കാരിയാണ് പിടിയിലായത്. ഭര്‍ത്താവും പോലീസ് ഓഫീസറുമായ മുഹമ്മദും അനന്തിരവള്‍ നൗഷീന്‍ ചുഗ്തായിയും രേഖകള്‍ തയ്യാറാക്കാന്‍ ഇവരെ സഹായിച്ചു. തുടര്‍ന്ന് രണ്ട് മില്യണ്‍ പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കുകയായിരുന്നു.
രണ്ടു വര്‍ഷവും ഒരുമാസവും കോടതി ബട്ടിന് ജയില്‍ ശിക്ഷവിധിച്ചിട്ടുണ്ട്. സൗത്തവാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഭര്‍ത്താവിന് ഒന്നരവര്‍ഷവും നൗഷീന് രണ്ടുവര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുടുംബസുഹൃത്താണ് ഈ പദ്ധതി തയ്യാറാക്കാന്‍ ഇവരെ സഹായിച്ചതെന്ന് റോസീന ബട്ടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വര്‍ഷങ്ങളായി റോസീന ബട്ട് മറ്റൊരു പേരിലാണ് കഴിഞ്ഞിരുന്നതെന്ന് പ്രോസിക്യൂട്ടറായ മാര്‍ക്ക് ഫെന്‍ഹാല്‍ കോടതിയെ അറിയിച്ചു. ഷംസിദ ബില്ല എന്ന പേരാണ് യഥാര്‍ത്ഥ സര്‍ട്ടിഫിക്കിറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 1989ല്‍ മുഹമ്മദ് ബട്ടിനെ വിവാഹം കഴിച്ചശേഷം റോസീന സാദിഖ് എന്ന പേരാണ് അവര്‍ സ്വീകരിച്ചതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല