1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2019

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകര്‍ത്ത് അക്രമികള്‍;. വടക്കന്‍ കൊളംബോയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകര്‍ത്തശേഷം ഉള്ളിലുള്ളതെല്ലാം തീയിട്ട് നശിപ്പിച്ച് അക്രമികള്‍. പാസ്റ്റ ഫാക്ടറിയാണ് തകര്‍ത്തത്. അക്രമികള്‍ കത്തിക്കൊണ്ടിരിക്കുന്ന ടയര്‍ ഫാക്ടറിയ്ക്കുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ‘പുറത്ത് സുരക്ഷാ സേനയുണ്ടായിരുന്നു. എന്നാല്‍ കര്‍ഫ്യൂ സമയത്ത് നടന്ന ആക്രമണത്തെ അവര്‍ക്കു തടയാനായില്ല.’ ഡയമണ്ട് പാസ്റ്റ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥനായ അഷ്‌റഫ് ജിഫ്തി പറയുന്നു.

‘തീയണയ്ക്കാന്‍ പൊലീസും സുരക്ഷാ സേനയും ഒന്നും ചെയ്തില്ല’ എന്നും അദ്ദേഹം ആരോപിച്ചു. ‘കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ മുസ്‌ലീങ്ങളായ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.’ ജിഫ്തി പറഞ്ഞു. മിനുവാങ്കോഡയിലെ ഒരു പളളിയ്ക്കുനേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. സായുധ സൈന്യവും പൊലീസും നോക്കി നില്‍ക്കേ കിന്യാമ നഗരത്തിലെ രണ്ട് പള്ളികള്‍ അക്രമികള്‍ തകര്‍ത്തു.

‘പള്ളിയ്ക്കു ചുറ്റും 2000ത്തോളം ആളുകളുണ്ടായിരുന്നു. ബാത്ത്‌റൂം ഫിറ്റിങ്‌സ് ഉള്‍പ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാം അവര്‍ തകര്‍ത്തു.’ പുരോഹിതനായ എം.ഐ.എം സിദ്ദിഖ് പറഞ്ഞു. അക്രമം രാഷ്ട്രീയമായി പദ്ധതിയിട്ടു നടപ്പിലാക്കുന്നതാണെന്ന് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ വിക്ടര്‍ ഇവാന്‍ ആരോപിച്ചു. ‘അസ്ഥിരതയുണ്ടായാല്‍ സര്‍ക്കാര്‍ ബലഹീനരാണെന്ന ധാരണ സൃഷ്ടിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. താഴേത്തട്ടിലുള്ള പ്രതിപക്ഷ നേതാക്കള്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതിന് തെളിവുകളുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 21ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നടത്തിയ ആക്രമണത്തിനുശേഷം രാജ്യത്തെ ജനങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ശ്രീലങ്കയില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ 258 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഇവിടെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ 45കാരന്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍പ്പന്ററി ഷോപ്പ് ഉടമയായ ഇദ്ദേഹത്തെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.