ശ്രീലങ്ക ലോകകപ്പിലെ പോരാട്ടം തുടങ്ങി. കാനഡയെ 210 റണ്‍സിനാണ് ലങ്ക തോല്‍പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത് കെനിയയുടെ ദുര്‍ബലമായ ബൗളിങ്ങിനെതിരെ മഹേല ജയവര്‍ധനെയുടെ മിന്നല്‍ സെഞ്ച്വറിയുടെ മികവില്‍ അമ്പതോവറില്‍ 332 റണ്‍സാണ് ശ്രീലങ്ക നേടിയത്. 81 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 100 റണ്‍സെടുത്ത ജയവര്‍ധനെ ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കും ഉടമയായി. പുതിയ പിച്ചില്‍ കരുതലോടെ മെല്ലെ തുടങ്ങിയ ശ്രീലങ്ക പിന്നീട് ക്ഷണത്തില്‍ കത്തിപ്പടരുകയായിരുന്നു. തരംഗയെയും (19) ദില്‍ഷനെയും (50) വലിയ വ്യത്യാസമില്ലാതെ ഒരുവേള ഒന്ന് ഭയന്ന ആതിഥേയര്‍ പിന്നീട് ഉഗ്രപ്രതാപത്തില്‍ തിരിച്ചെത്തിയത് ജയവര്‍ധനെ, സംഗകാര കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെയാണ്. 87 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത സംഗകാര ഡേവിസണ് നിസാരമായൊരു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 179 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നു ഈ കൂട്ടുകെട്ട്.
മറുപടിയായി ബാറ്റിങ് ആരംഭിച്ച കാനഡയ്ക്ക് ഒരുവേളയും നിലവാരമുള്ള ചെറുത്തുനില്‍പ്പ് പുറത്തെടുക്കാനായില്ല. രണ്ടാം ഓവര്‍ മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്ന സന്ദര്‍ശകനിരയില്‍ രണ്ടക്കം കടന്നത് മൂന്നു പേരാണ്. ബഗായി 22 ഉം റിസ്‌വാന്‍ ചീമ 37 ഉം ബൈദ്വാന്‍ 16 (നോട്ടൗട്ട്) ഉം റണ്‍സെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി കുലശേഖരയും പെരേരയും മൂന്ന് വിക്കറ്റ് വീതവും മുരളീധരന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല