ആവേശം വിതറിയ ആദ്യ സെമിയില്‍ ന്യൂസലന്റിലെ 5 വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് 48.5 ഓവറില്‍ 217 റണ്‍സിന് പുറത്തായി. മറുപാടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 47.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രീലങ്കയുടെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് അവരുടെ വിജത്തിന് അടിത്തറയിടുകയായിരുന്നു. തരംഗ 30 റണ്‍സെടുത്ത് ആദ്യം പുറത്തായി. എന്നാല്‍ സമചിത്തതയോടെ കളിച്ച ദില്‍ഷനും സംഗക്കാരയും മത്സരത്തെ കിവികളില്‍ നിന്നകറ്റി. 73 റണ്‍സാണ് ദില്ഷന് സ്കോര്‍ ചെയ്തത്. സംഗക്കാര 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സമരവീരയും (23), മാത്യൂസും (14) ചേര്‍ന്ന് ശ്രീലങ്കയെ ഫൈനലില്‍ എത്തിച്ചു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും കളിപുരോഗമിച്ചപ്പോള് കീവിസിനെ ശ്രീലങ്ക വരിഞ്ഞുകെട്ടുകയായിരുന്നു. മൊത്തം സ്കോര്‍ 32ല്‍ നില്‍ക്കുമ്പോഴാണ് കീവിസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 13 റണ്‍സ് എടുത്ത മക്കല്ലത്തിനെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഹെറാത്ത് പുറത്താക്കുകയായിരുന്നു.
39 റണ്‍സ് എടുത്ത ഗുപ്ടിലിനെ 21.3 ഓവറില്‍ നഷ്ടമായി. ഇത്തവണ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 19 റണ്‍സ് എടുത്ത റൈഡറെ മുരളീധരന് സംഗക്കാരയുടെ കൈയിലെത്തിച്ചു. സ്കോട്ട് സ്റ്റൈറിസ് ആണ് പിന്നീട് ന്യൂസിലാന്‍ഡ് ബാറ്റിംഗിന് നെടുംതൂണായത്. 57 റണ്‍സെടുത്ത സ്റ്റൈറിസിനെ മുരളീധരന് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. വില്യംസണ് 22 റണ്‍സ് എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗയും മെന്‍ഡീസും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല