1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2016

എ. പി.രാധാകൃഷ്ണന്‍ (ക്രോയ്‌ടോന്‍): ശ്രീ നൃത്തനാഥന് ഭാവ രാഗ ലാസ്യ ലയ വിന്യാസങ്ങളുടെ നിറമാല ചാര്‍ത്തി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോസവത്തിനു ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ ഭക്ത സദസിനു മുന്‍പില്‍ പരിസമാപ്തി. പങ്കെടുത്ത എല്ലാ ഭക്തര്‍ക്കും അനിര്‍വചനീയമായ പരമാനന്ദം പ്രദാനം ചെയ്തുകൊണ്ട് ഒരു സത്സംഗം കൂടി പൂര്‍ണമായി. അടുത്ത സത്സംഗം മാര്‍ച്ച് 26 നു വിവിധ പരിപാടികളോടെ നടത്തപ്പെടും.

പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് ഏകദേശം 5:30 ഓടെ പരിപാടികള്‍ തുടക്കം കുറിച്ചു. ഭഗവാന്‍ പരമേശ്വരന്റെ കീര്‍ത്തന ആലാപനം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ഭജന. കെന്റ് ഹിന്ദു സമാജത്തില്‍ നിന്നും എത്തിച്ചേര്‍ന്ന സിന്ധു രാജേഷ്, മിഥുന്‍ എന്നിവര്‍ ആലപിച്ച കീര്‍ത്തനങ്ങള്‍ മധുരതരമായിരുന്നു. ഭജനക്ക് ശേഷം ശ്രീമതി രമണി പന്തല്ലൂര്‍ ഇത്തവണത്തെ അമരവാണികള്‍ അവതരിപ്പിച്ചു. ചാണക്യ നീതി യില്ലേ പ്രാധാന്യമേറിയ ഒരു ഭാഗമാണ് സുഭാഷിതത്തില്‍ അവതരിപ്പിച്ചത്. അതിനുശേഷം മലയാളികളെ വിട്ടു പിരിഞ്ഞ നമ്മുടെ പ്രിയ കവി ശ്രീ ഓ.എന്‍.വി. കുറിപ്പിനെ അനുസ്മരിച്ചുകൊണ്ട് ഒരു നിമിഷം മൌനം ആചരിക്കുകയും കവിയുടെ ഏറെ പ്രശസ്തമായ ‘നിശാഗന്ധി നീയെത്ര ധന്യ’ എന്ന് തുടങ്ങുന്ന കവിത ശ്രീമതി കെ. ജയലക്ഷ്മി അതിമനോഹരമായി അവതരിപ്പിച്ചു.

പിന്നീടായിരുന്നു എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നൃത്തോല്‍സവതിന്റെ ആരംഭം. ഈസ്റ്റ് ഹാമില്‍ നിന്നും വന്ന കാവ്യാ നായര്‍ ഗണേശ സ്തുതിയോടെ നൃത്ത സന്ധ്യക്ക് തുടക്കം കുറിച്ചു. അതിനുശേഷം യഥാക്രമം കിരണ്‍ നായര്‍ (ഈസ്റ്റ് ഹാം) അക്ഷിത ആനന്ദ് (കേംബ്രിഡ്ജ്) നികിത സൌപര്‍ണിക നായര്‍ (ജില്ലിന്‍ഹാം, കെന്റ്) ഐശ്വര്യാ സുരേഷ് കുമാര്‍ (ക്രോയ്‌ടോന്‍) ആശ്രിക അനില്‍ കുമാര്‍ (ക്രോയ്‌ടോന്‍) എന്നി പ്രതിഭകള്‍ അവരുടെ നര്‍ത്തന പാടവം ഭഗവാനു മുന്നില്‍ കാണിക്കയായി അര്‍പ്പിച്ചു. ശാസ്ത്രിയ നൃത്ത പരിശീലനത്തില്‍ പതിട്ടാണ്ടുകളുടെ പാരമ്പര്യമുള്ള ശ്രീമതി ശാലിനി ശിവശങ്കരിന്റെ ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ അത്യുജോവലമായ പ്രകടനമായിരുന്നു പിന്നീടു വേദിയില്‍ അരങ്ങേറിയത്. ശ്രീമതി ശാലിനി ശിവ ശങ്കറും ശിഷ്യ ഡാനിയേല സാക് വര്‍ഗീസും ചേര്‍ന്ന് അവതരിപ്പിച്ച മോഹിനിയാട്ടം ആയിരുന്നു ആദ്യമായി ഉപഹാര്‍ വേദിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഭരതനാട്യം അവതരിപ്പിച്ചു കൊണ്ട് യഥാക്രമം അനേഖ പിള്ള, അലിഷ പിള്ള, മിതു ശ്രീകുമാര്‍, ശ്രേയ ജോണ്‍, ഹിയ വര്‍മ, പ്രിയ വര്‍മ, ദേവിക പ്രവീണ്‍, അനഘ മുരളി, സംഭവീ കുമരന്‍, സുനിധി ജഗദലെ, നിത്യശ്രീ അണ്ണാമലൈ എന്നിവര്‍ ഏകദേശം രണ്ടു മണിക്കൂര് നേരം വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ നെ നടനവിസ്മയങ്ങളുടെ കൈലാസ സന്നിധിയാക്കി മാറ്റുകയായിരുന്നു. ശിഷ്യ ഗണങ്ങളുടെ കൂടെ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് ശ്രീമതി ശാലിനി ശിവശങ്കര്‍ ഒരു മാതൃക തന്നെ സൃഷ്ട്ടിക്കുകയായിരുന്നു ഇന്നലെ. അധ്യാപികയായും നര്‍ത്തകിയായും നിറഞാടുകയായിരുന്നു ശ്രീമതി ശാലിനി ശിവശങ്കര്‍. അവസാനമായി കഥകളി കലാകാരന്‍ കൂടിയായ ശ്രീ വിനീത് പിള്ള അവതരിപ്പിച്ച ജതിസ്വരതോടെ നൃത്ത സന്ധ്യ സമാപിച്ചു. നൃത്തോല്‍സവത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേക അഥിതിയായി പങ്കെടുത്ത ശ്രീമതി ചിത്ര ലക്ഷ്മി സര്‍റ്റിഫികറ്റുകള്‍ വിതരണം ചെയ്തു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഉപഹാരങ്ങള്‍ ചെയര്‍മാന്‍ ശ്രീ ടി. ഹരിദാസും വനിതാ വിഭാഗം പ്രതിനിധി ശ്രീമതി മിനി വിജയകുമാറും ചേര്‍ന്ന് ശ്രീമതി ശാലിനി ശിവശങ്കറിന് നല്കി.

അതിവിപുലവും മനോഹരവും ആയ നൃത്ത സന്ധ്യക്ക് ശേഷം ദീപാരാധനയും മംഗള ആരതിയും നടന്നു. പൂജകള്‍ക്ക് മുരളി അയര് നേതൃത്വം നല്കി. എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിച്ച് ശ്രീമതി ഡയാന അനില്‍കുമാര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.