തമാശയ്ക്കാണ് പറഞ്ഞതെങ്കിലും രതിനിര്‍വേദത്തിലെ നായിക ശ്വേതാ മേനോന്റെ വാക്കുകള്‍ അക്ഷരംപ്രതി സത്യമാവുകയാണ്. രതിനിര്‍വേദത്തില്‍ നായികയായി ശ്വേത എത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഒരു അഭിമുഖത്തിനിടെ ശ്വേത തന്നെ ഇക്കാര്യം പറയുകയും ചെയ്തു.
രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് കാണാന്‍ തന്നെ ടിക്കറ്റ് വച്ച് ആളെക്കയറ്റേണ്ടി വരുമെന്നായിരുന്നു നടിയുടെ കമന്റ്. ഇത് അറം പറ്റുക തന്നെ ചെയ്തു. ഫെബ്രുവരി പത്തിന് മാവേലിക്കരയില്‍ രതിനിര്‍വേദത്തിന്റെ ലൊക്കേഷനില്‍ ശ്വേത എത്തിയപ്പോള്‍ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സൂപ്പര്‍ താരങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പോലും ഇത്ര തിരക്കുണ്ടാവാറില്ലെന്ന് പറയപ്പെടുന്നു.
എന്തായാലും സംവിധായകന് ടികെ രാജീവ് കുമാറും സംഘവും ശ്വേതയുടെ വാക്കുകളിലെ അപകടം തിരിച്ചറിഞ്ഞു. ലൊക്കേഷനില്‍ തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ അങ്ങനെയാണ് തീരുമാനിച്ചത്. പൊലീസുകാരുടെ കാവലിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്.
മാവേലിക്കര ലൊക്കേഷനായി തിരഞ്ഞെടുക്കുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ഇപ്പോഴത്തെ തിരക്ക് രതിനിര്‍വേദം കണ്ടിട്ടുള്ളവരും അതിനെപ്പറ്റി കേട്ടിട്ടുള്ളവരുടെയും ആകാംക്ഷയില്‍ നിന്നുണ്ടായതെന്ന് വ്യക്തം. മാവേലിക്കരക്കാര്‍ മാത്രമല്ല, സമീപപ്രദേശങ്ങളില്‍ നിന്നുള്ള സിനിമാപ്രേമികളും ഇവിടേക്ക് വരുന്നുണ്ടെന്നാണ് അറിയുന്നത്. ഇരുപത്തിയഞ്ച് ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ സിനിമ തീര്‍ക്കാനാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
വന്‍ പ്രതീക്ഷകളോടെ ഷൂട്ടിങ് തുടങ്ങിയിരിക്കുന്ന സിനിമയക്ക് സൂപ്പര്‍താരങ്ങളുടെ ഇനീഷ്യല്‍ കളക്ഷനും നേടാന്‍ കഴിയുമോയെന്നാണ് ഇനിയത്തെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല