1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെ പാശ്ചാത്യലോകത്തെ ഉറ്റ സുഹൃത്തായിരുന്ന നോം ചോംസ്‌കി തള്ളിപ്പറയുന്നു. ഷാവേസ് അമിതാധികാരം കൈയടക്കിവെക്കുന്നുവെന്നാണ് ചോംസ്‌കിയുടെ ആരോപണം.

പടിഞ്ഞാറന്‍ മേഖലയില്‍ ഷാവേസ് ഏറ്റവും കൂടുതല്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ചോംസ്‌കിയുമായാണ്. ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനും കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായ ചോംസ്‌കി ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനായ അമേരിക്കക്കാരനാണ്.

ഐക്യരാഷ്ട്രസഭയിലെ തീപ്പൊരി പ്രസംഗത്തിനിടെ ഷാവേസ് ഉയര്‍ത്തിപ്പിടിച്ച ചോംസ്‌കിയുടെ പുസ്തകം ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഒന്നായി മാറിയിരുന്നു. അടുത്തിടെ ഷാവേസ് ചോംസ്‌കിയ്ക്ക് കരാക്കസില്‍ ആഡംബര വിരുന്നും ഒരുക്കിയിരുന്നു. ചോംസ്‌കിയെ തന്റെ രാജ്യത്തെ അംബാസഡറാക്കണമെന്ന് ഈ വര്‍ഷം ആദ്യം ഷാവേസ് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഒബ്‌സേര്‍വര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചോംസ്‌കി ഷാവേസിനെ കുറ്റപ്പെടുത്തിയത്. അമിതാധികാരം കൈയ്യടിക്കിവയ്ക്കുന്ന ഷാവേസ് വെസിസ്വലന്‍ ജനാധിപത്യത്തെ കൈയ്യേറ്റം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോഴും ഭരണാധികാരം മുഴുവന്‍ തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ഇടവരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ചാവേസിനെ വിമര്‍ശിക്കാന്‍ ചോംസ്‌കിയെ പ്രേരിപ്പിച്ചത്.

‘ലോകയുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രമേ ഭരണാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കാവൂ. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ അത് ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണമാണ്. വെനിസ്വലയ്ക്ക് വന്‍ ഭീഷണി നേരിടേണ്ടിവരുന്നുണ്ടെന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണിയില്ല’ ചോംസ്‌കി പറഞ്ഞു.

വെനസ്വേലന്‍ അധികൃതര്‍ മരിയ ലൂര്‍ദ് അഫ്യൂണി എന്ന ജഡ്ജിയെ ക്രൂരമായി ശിക്ഷിക്കുന്നതിനെതിരെ എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് ചോംസ്‌കി ഷാവേസിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന വനിതാ ജഡ്ജി കടുത്ത പീഡനങ്ങള്‍ക്കിരയായതായി ചോംസ്‌കിയുടെ കത്തില്‍ പറയുന്നു. അവര്‍ക്ക് ന്യായമായ വിചാരണ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്നും 12 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഷാവേസ് നീതിന്യായ വ്യവസ്ഥയെ ഭീഷണിയുടെ തടങ്കലിലാക്കിയിരിക്കുകയാണെന്നും ചോംസ്‌കി പറഞ്ഞു. മനുഷ്യാവകാശങ്ങളുയര്‍ത്തിപ്പിടിച്ച് ജഡ്ജിക്ക് മാപ്പ് നല്കാന്‍ ഷാവേസ് തയ്യാറാകണമെന്ന് ചോംസ്‌കി ആവശ്യപ്പെട്ടു.

അര്‍ബുദമുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ക്യൂബയില്‍ വിശ്രമത്തിലാണ് ചാവേസ് ഇപ്പോള്‍. ചാവേസിന്റെ അസുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചോംസ്‌കി, അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.