സംസ്ഥാനത്ത് ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഏറ്റവും വലിയ ലക്ഷ്യം ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയെന്നതാണ്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് എന്റെ പ്രതീക്ഷ. സിനിമയുടെ സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സ്ഥാപനം. കാരണം സാങ്കേതിക മേഖല ദിവസം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ളവരെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായി മാറിയിട്ടുണ്ട്.’ പ്രിയദര്‍ശന്‍ പറഞ്ഞു.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം തന്റേതായിരുന്നില്ല. മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എത്രയും പെട്ടെന്ന് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോപാര്‍ക്കിലെ 2.5 എക്കര്‍ സ്ഥലം ഇതിനായി ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വാക്കുനല്‍കി.
മുന്‍നിര ടെലിവിഷന്‍ ചാനലുകളുമായി യോജിച്ച് അവരുടെ പങ്കാളിത്തത്തോടെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുക എന്ന ആശയവും തന്റെ ചിന്തയിലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ടിവി ചാനലുകള്‍ക്ക് മികച്ച പരിശീലനം ലഭിച്ചവരെ ആവശ്യമുണ്ട്. അതിനും ഇത് ഏറെ ഗുണകരമാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല