1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2019

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): വൈവിധ്യമാര്‍ന്ന കൂടുതല്‍ പരിപാടികളുമായി കേരള സംസ്ഥാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് യുക്മ സജീവമാകുന്നു. ബ്രിട്ടണിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന യുക്മ ജന്മനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് ലക്ഷ്യമിട്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം ക്ലബ് ആരംഭിച്ചത്. ടൂറിസം ക്ലബുമായി ചേര്‍ന്ന് യുക്മ ആഗോള മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ‘കേരളാ പൂരം’ എന്ന പേരില്‍ വള്ളംകളിയും തനത് കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനവുമെല്ലാം നടപ്പിലാക്കിയതിലൂടെ ടൂറിസം ക്ലബിന്റെ പ്രസക്തിയേറിയിരിക്കുകയാണ്.

യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബിന്റെ പുതിയ വൈസ് ചെയര്‍മാനായി ഡിക്‌സ് ജോര്‍ജിനെ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഡിക്‌സ് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിയാണ്. റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടന്ന യുക്മയുടെ പ്രഥമ വള്ളംകളിയും, യുക്മ സ്റ്റാര്‍ സിംഗര്‍ സമാപനത്തോട് അനുബന്ധിച്ച് നടന്ന പ്രമുഖഗായകന്‍ ജി വേണുഗോപാലിന്റെ ‘വേണുഗീതം’ പരിപാടിയും ഉള്‍പ്പെടെ യുക്മ ദേശീയ ഭരണസമിതി മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ സംഘടിപ്പിച്ച നിരവധി പരിപാടികളുടെ വിജയം ഡിക്‌സിന്റെ കൂടി സംഘാടക ശേഷിയുടെ തെളിവുകള്‍ ആയിരുന്നു.

യുക്മ ടൂറിസം ക്ലബ് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച് വള്ളംകളി ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായുള്ള കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സാധിച്ചത്. നിലവിലുള്ള ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് ആയിരുന്നു കഴിഞ്ഞ തവണ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ആദ്യനിര്‍വാഹക സമിതി യോഗത്തിലും തുടര്‍ന്ന് നടന്ന നേതൃസംഗമത്തിലും ‘യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ്’ ഈ വര്‍ഷം കൂടുതല്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.

വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താല്‍ ബ്രിട്ടണ്‍ മുന്‍നിരയില്‍ തന്നെയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ ബ്രിട്ടണിലെ ആളുകള്‍ക്കിടയില്‍ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസഞ്ചാര സാധ്യതകളെപ്പറ്റിയും വിപുലമായ രീതിയില്‍ സന്ദേശമെത്തിക്കുന്നതിന് സാധിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനു കൂടുതല്‍ സഹായകരമായി മാറും. സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ‘ടൂറിസം ക്ലബ്ബി’ലൂടെ യുക്മ ലക്ഷ്യമിടുന്നത്.

യുക്മയുടെ മറ്റ് പോഷകസംഘടനകള്‍ പോലെ തന്നെ അംഗ അസോസിയേഷനുകള്‍ക്കൊപ്പം മുഴുവന്‍ യു കെ മലയാളികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു സംരംഭമായിരിക്കും ‘ടൂറിസം ക്ലബ്’. പ്രധാനമായും യു കെ മലയാളികള്‍ക്കിടയിലെ ടൂര്‍ ആന്റ് ട്രാവല്‍, ഹോട്ടല്‍ ബിസ്സിനസ്സ് രംഗത്തുള്ളവരേയും ഹോസ്പിറ്റാലിറ്റി, ടാക്‌സി മേഖലകളില്‍ ജോലി ചെയ്യുന്നവരെയും സഹകരിപ്പിച്ചു വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ബ്രിട്ടണിലെ പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ കേരളത്തെ തദ്ദേശവാസികള്‍ക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രമോഷന്‍ പ്രോഗ്രാമുകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നതായിരിക്കും.

സ്വന്തമായ നിലയില്‍ പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നതു കൊണ്ട് ബ്രിട്ടണിലെ കൗണ്‍സിലുകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കാര്‍ണിവലുകളുമായി ബന്ധപ്പെട്ടായിരിക്കും ഓരോ പ്രദേശത്തും പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. അതാത് പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്കാവും കൗണ്‍സിലുകളുമായി ബന്ധപ്പെട്ടുള്ള അനുമതി വാങ്ങുന്നതിനുള്ള ചുമതല നല്‍കുന്നത്. കേരളത്തിലേയ്ക്കുള്ള ടൂറിസം പാക്കേജുകളെപ്പറ്റി വ്യക്തമാക്കുന്നതിനു വേണ്ടി ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും. എല്ലാ കാര്‍ണിവലുകളിലും തന്നെ കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങള്‍ തദ്ദേശീയര്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സേവനവും ലഭ്യമാക്കും.

സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുന്നത്. ഓരോ കൗണ്‍സിലിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷന്‍ പ്രോഗ്രാമുകള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പിനു യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള പദ്ധതിയാവും യുക്മ നടത്തുന്നത്. ബ്രിട്ടണില്‍ നിന്നു തന്നെയുള്ള സ്‌പോണ്‍ഷിപ്പിലൂടെയാവും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ണിവലുകളില്‍ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനു ആവശ്യമായ സ്റ്റാളുകള്‍ ഒരുക്കും.

സംസ്ഥാനത്തെ വിനോദ സഞ്ചാരത്തിന്റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം, ആയുര്‍വേദം, പൈതൃകം, സാഹസിക ടൂറിസം എന്നീ മേഖലകളെപറ്റി വിശദീകരിക്കാനുതകുന്ന തരത്തിലുള്ള ചിത്രങ്ങളും ബുക്ക്‌ലെറ്റുകളും ബ്രോഷറുകളും മറ്റും ലഭ്യമാക്കും. കാര്‍ണിവലിനോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടത്തപ്പെടുന്ന കലാസാംസ്‌ക്കാരിക പരിപാടികളില്‍ കേരളീയമായ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി മലയാളികള്‍ക്ക് അവസരമുണ്ടാക്കും. നമ്മുടെ സ്വന്തം കലാരൂപങ്ങളായ തെയ്യം, കഥകളി എന്നിവ കൂടാതെ വിവിധ ക്ലാസ്സിക്കല്‍ നൃത്തങ്ങളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.

കൗണ്‍സില്‍ കാര്‍ണിലവുകളില്‍ ‘ടൂറിസം ക്ലബ്ബ്’ ഒരുക്കുന്ന പ്രമോഷന്‍ പ്രോഗ്രാമുകളില്‍ നാട്ടില്‍ നിന്നുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ടൂറിസം പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുമെല്ലാം വിവിധ സ്ഥലങ്ങളിലായി സ്റ്റാളുകളില്‍ പങ്കെടുക്കുന്നതിനായി അവസരം സൃഷ്ടിക്കുന്നതിനു ശ്രമിക്കും. ആയുര്‍വേദം ഉള്‍പ്പെടെയുള്ള സുഖചികിത്സകളുടെയും യോഗയുടെയും ഗുണങ്ങള്‍ വിശദീകരിക്കുന്നതിനും മറ്റും ശ്രമങ്ങള്‍ ഉണ്ടാവും. ഇതിനായി ബ്രിട്ടണിലെ മലയാളി ട്രാവല്‍ ടൂര്‍ ഓപ്പറേറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹായമാവും തേടുന്നത്. പരമ്പരാഗത കേരള വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകള്‍ നടത്തുന്നതിനു മലയാളി റസ്റ്റോറന്റുകളുടെ സഹായവും തേടും. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തോടൊപ്പം തന്നെ ബ്രിട്ടണിലെ മലയാളികള്‍ക്കും ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയായി ഇതുമാറുമെന്ന പ്രതീക്ഷയാണ് യുക്മയ്ക്കുള്ളത്. ഓരോ കൗണ്‍സിലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതു വഴി തദ്ദേശീയരുമായുള്ള നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ബ്രിട്ടണിലെ സാമൂഹിക രംഗത്ത് മലയാളികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

‘യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ്’ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതിന് ബ്രിട്ടണിലെ കുടിയേറ്റ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉപദേശക സമിതിയും പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിക്കുന്നതിന് യുക്മ ദേശീയ ഭരണസമിതിയില്‍ ടൂറിസത്തിന്റെ ചുമതലയുള്ള അഡ്വ. എബി സെബാസ്റ്റ്യനും ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദേശീയ പ്രസിഡന്റ് അറിയിച്ചു. യുക്മ കേരളാ ടൂറിസം പ്രൊമോഷന്‍ ക്ലബ്ബുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജ്ജുമായി ബന്ധപ്പെടേണ്ടതാണ് (ഫോണ്‍ : 07403312250)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.