മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പരസ്യവരുമാനത്തില്‍ വീണ്ടും റെക്കാഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. 2011 ജനവരി 27 വരെ മാത്രം സച്ചിന്‍ നാല്‍പ്പത് കോടി രൂപയുടെ കരാര്‍ ഒപ്പിടുകയും രണ്ട് വില്ലകള്‍ സ്വന്തമാക്കുകയും ചെയ്തുകഴിഞ്ഞു. കൊക്കക്കോളയുമായി ഒപ്പിട്ട ഇരുപത് കോടി രൂപയുടെ കരാറിന് പുറമെ പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമിത് എന്റര്‍പ്രൈസസുമായി ഒന്‍പത് കോടിയുടെയും വസ്ത്രനിര്‍മാതാക്കളായ എസ്. കുമാറുമായി 12-13 കോടിയുടെയും കരാറുകളാണ് ലിറ്റില്‍ മാസ്റ്റര്‍ ഒപ്പിട്ടത്. കൊക്കക്കോളയുമായി മൂന്ന് വര്‍ഷത്തെ കരാറാണുള്ളത്. അമിത് എന്റര്‍പ്രൈസസുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് രണ്ട് കോടി രൂപ വീതം വിലയുള്ള രണ്ട് വില്ലകള്‍ സച്ചിന് സ്വന്തമാകുന്നത്. മുംബൈ, നാസിക്, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും പ്രോജക്റ്റുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതിലാണ് വന്‍ തുകയെറിഞ്ഞ് സച്ചിനെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതെന്ന് അമിത് എന്റപ്രൈസസ് സി. എം.ഡി കിഷോര്‍ പാറ്റെ പറഞ്ഞു.
അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കിയ ചരിത്രമുള്ള എസ് കുമാര്‍ തങ്ങളുടെ ഇക്കാണമി ബ്രാന്‍ഡായ വേള്‍ഡ് പ്ലെയറിന്റെ പ്രൊമോഷനുവേണ്ടിയാണ് സച്ചിനുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നതിനാല്‍ സച്ചിന്റെ സാന്നിധ്യം കമ്പനിക്ക് ശരിക്കും ഗുണം ചെയ്യുമെന്നാണ് വിശ്വാസമെന്ന് ഡയറക്ടര്‍ ആഷെഷ് അമിന്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് വരെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന സച്ചിനെ മാറ്റി പകരം ഇന്ത്യന്‍ നായകന്‍ എം. എസ്. ധോനിയെ വന്‍ വില നല്‍കിയാണ് പെപ്‌സി ഇക്കുറി സ്വന്തമാക്കിയത്. ഒട്ടും വൈകാതെ കൊക്കക്കോള സച്ചിനെയും ചാക്കിട്ടു. ഇതോടെ കോള മാര്‍ക്കറ്റില്‍ സച്ചിന്‍-ധോനി പേരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോകകപ്പ്‌വേളയില്‍ ചാനലുകളില്‍ ഈ യുദ്ധം തന്നെയാവും മുറുകുകയെന്ന് ഉറപ്പ്.
കൊക്കക്കോളയുടേത് ഉള്‍പ്പടെ മൊത്തം പതിനേഴ് ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് സച്ചിന്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഒരോ കരാറിനും പ്രതിവര്‍ഷം പത്ത് ലക്ഷം ഡോളറാണ് സച്ചിന്‍ ഈടാക്കുന്നത് എന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല