അയ്യോ ഇത് നമ്മുടെ സന്തോഷ് മാധവനല്ലേ? ഏയ്…..അല്ല….പിന്നെ ഇതാര്? ആള്‍ദൈവമായി ചമഞ്ഞ് നാട്ടുകാരെ പറ്റിച്ചും പെമ്പിള്ളാരെ പീഡിപ്പിച്ചും ജയിലിലായ സന്തോഷ് മാധവനെപ്പോലുള്ളരാള്‍ പ്രേക്ഷകരെ തേടിയെത്തുകയാണ്. വേറാരുമല്ല, നമ്മുടെ സാക്ഷാല്‍ കുഞ്ചാക്കോ ബോബനാണ് കക്ഷി.
എന്നാല്‍ താന്‍ സന്തോഷ് മാധവനായല്ല അഭിനയിക്കുന്നതെന്ന് ചാക്കോച്ചന്‍ പറയുന്നു. ബാബു ജനാര്‍ദ്ദന്‍ സംവിധാനം ചെയ്യുന്ന ഗോഡ് ഫോര്‍ സെയില്‍: ഭക്തിപ്രസ്ഥാനം എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ കള്ള സന്യാസിയായി അവതാരമെടുക്കുന്നത്. സന്തോഷ് മാധവനുമായി തന്റെ സിനിമയ്‌ക്കോ കഥാപാത്രത്തിനോ യാതൊരു ബന്ധവുമില്ലെന്ന് ചാക്കോച്ചന്‍ വിശദീകരിയ്ക്കുന്നു. ഞാന്‍ അവതരിപ്പിയ്ക്കുന്ന സ്വാമിയ്ക്ക് സന്തോഷ് മാധവനുമായോ മറ്റേതെങ്കിലും കള്ള സ്വാമിയുമായോ ബന്ധമില്ല.
കാലാന്തരത്തില്‍ ഒരു വ്യക്തിയുടെ വിശ്വാസത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമയുടെ പശ്ചാത്തലം. മാതാപിതാക്കളും ഗുരുക്കന്മാരും പറഞ്ഞുതരുന്നതിലൂടെയാണ് കുട്ടിക്കാലത്ത് നമുക്കുള്ളില്‍ ദൈവവിശ്വാസം വളരുന്നത്. കൗമാരത്തില്‍ പലപ്പോഴും നമ്മള്‍ ഇതിനെ ചോദ്യം ചെയ്യുന്നതോടെ അവിശ്വാസികളായി മാറും. എന്നാല്‍ മുതിര്‍ന്നവരാകുമ്പോള്‍ ഈ വിശ്വാസങ്ങളില്‍ വീണ്ടും മാറ്റം വരും. ജീവിതാന്ത്യത്തില്‍ നാം കൂടുതല്‍ ദൈവവിശ്വാസികളായി തീരും.
ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ ജീവിതവും ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് അവതരിപ്പിയ്ക്കുന്നത്. നാല് വര്‍ഷം മുമ്പ് സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍ സിനിമയെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് ഇങ്ങനെയൊരു കഥാപാത്രം അവതരിപ്പിയ്ക്കാനുള്ള ആത്മവിശ്വാസം തനിയ്ക്കുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എന്റെ വ്യത്യസ്ത വേഷങ്ങള്‍ ജനം സ്വീകരിച്ചു തുടങ്ങിയതോടെ ഈ റോള്‍ ചെയ്യാന്‍ തീരുമാനമെടുത്തുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല