ശരീരത്തില്‍ തീ ആളിപ്പടര്‍ന്ന് മാംസം വെന്തുരുകുമ്പോഴും മേജര്‍ സന്ദീപിന്റെ ഇളയച്ഛന്‍ ഇന്ത്യന്‍ സൈന്യത്തിനും മേജര്‍ സന്ദീപിനും ജയ് വിളിക്കുകയായിരുന്നത്രേ. എന്തായാലും, തീവ്രമായ വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇനി അദ്ദേഹത്തിന് ഭൂമിയില്‍ സമയം ബാക്കിയില്ല! മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ച് പാര്‍ലമെന്റിനു മുന്നില്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇളയച്ഛന്‍ മരിച്ചു.
സന്ദീപിന്റെ അച്ഛന്റെ അനുജന്‍ കെ മോഹനന്‍ (54) വെള്ളിയാഴ്ച രാത്രി 11.55 ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് കെ മോഹനന്‍ പാര്‍ലമെന്റിനു മുന്നില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഇതു കണ്ട മാധ്യമ പ്രവര്‍ത്തകരായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ഥലത്തു നിന്ന് ലഭിച്ച ഡയറിയില്‍ നിന്നാണ് കെ മോഹനന്റെ വിലാസവും മറ്റും ലഭിച്ചത്. ഭീകരാക്രമണത്തില്‍ വീര ചരമം പ്രാപിച്ച സന്ദീപിന് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അവഗണിച്ചു എന്നും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല