സഭകളും സമുദായങ്ങളും വിധിനിര്‍ണയിക്കുന്ന ജില്ല. അതാണ് കോട്ടയം. ഇവിടുത്തെ വിജയപരാജയങ്ങള്‍ ചിലരുടെയൊക്കെ അഭിമാനപ്രശ്‌നമാണ്. സീറ്റുകളുടെ എണ്ണംപോലും ശക്തിയുടെ മാനദണ്ഡമായി കരുതുമ്പോള്‍ പ്രത്യേകിച്ചും. വലതുരാഷ്ട്രീയത്തിലെ അഭിനവചാണക്യനായ കെ.എം. മാണിയുടെ സ്വന്തം തട്ടകം. പിളരുംതോറും വളരുന്ന പാര്‍ട്ടിയെന്ന് കെ.എം മാണിതന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസ് ലയിക്കുന്തോറും വളരുമോ അതോ തളരുമോ എന്നറിയാനുള്ള ലിറ്റ്‌മസ് ടെസ്‌റ്റുകൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ കോട്ടയം കാഴ്‌ചവയ്‌ക്കുന്നത്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ പത്തു നിയോജകമണ്ഡലങ്ങളാണ് കോട്ടയത്തുണ്ടായിരുന്നത്.
മണ്ഡലപുനഃനിര്‍ണയം വന്നതോടെ നായര്‍ഭൂരിപക്ഷമണ്ഡലമായ വാഴൂര്‍ ഇല്ലാതായി. കേരള കോണ്‍ഗ്രസിലെ(എം) നായര്‍ പ്രാതിനിധ്യമായിരുന്ന കെ.നാരായണകുറുപ്പ് മൂന്നു തവണ ഒഴികെ സ്ഥിരമായി മല്‍സരിക്കുകയും 1991 മുതലുള്ള സ്ഥിരമായ മൂന്നു ജയമുള്‍പ്പെടെ ആറു തവണ വിജയിക്കുകയും ചെയ്‌ത മണ്ഡലം. 2006ല്‍ നാരായണക്കുറുപ്പിന്‍െറ അസൗകര്യങ്ങളെതുടര്‍ന്ന് മകന്‍ പ്രൊഫസര്‍ ജയരാജിലേക്ക് കൈമാറപ്പെട്ട മണ്ഡലമാണ് ഇല്ലാതായ വാഴൂര്‍. അതിലെ മിക്ക പഞ്ചായത്തുകളും അച്ചായന്‍ മണ്ഡലമായ കാഞ്ഞിരപ്പള്ളിയോടു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
കഴിഞ്ഞതവണ പത്തില്‍ ആറു മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് മല്‍സരത്തിനിറങ്ങിയത്. കോണ്‍ഗ്രസാകട്ടെ നാലിടത്തും. നാലിടത്ത് കെ.എം. മാണിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് ഒരിടത്തും. കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേരില്‍ മല്‍സരം നടന്നിടത്തൊക്കെ പരാജയപ്പെടാനായിരുന്നു കഴിഞ്ഞതവണ കോട്ടയത്ത് കെ.എം. മാണിയുടെ പാര്‍ട്ടിയുടെ വിധി.
അന്ന് തന്‍െറ പടയാളികളെ തോല്‍പിച്ച മോന്‍സ് ജോസഫും പി.സി ജോര്‍ജും ഇത്തവണ തനിക്കൊപ്പമായെന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്നു മാണിസാര്‍ പറയുമെങ്കിലും തളര്‍ച്ചയല്ലേയെന്ന് ഒപ്പം നില്‍ക്കുന്നവര്‍ ചോദിക്കുന്നുണ്ട്. വാഴൂരിനു പകരം കാഞ്ഞിരപ്പള്ളി സീറ്റ് കോണ്‍ഗ്രസില്‍ നിന്നു പിടിച്ചുവാങ്ങി ജയരാജിനെ അവിടെ സ്ഥാനാര്‍ഥിയാക്കാനും കോണ്‍ഗ്രസിന് കോട്ടയത്ത് തങ്ങളുടെ നേര്‍പകുതി സീറ്റിന്‍െറ ശക്തിയേയുള്ളുവെന്നു തെളിയിക്കാനും കെ.എം. മാണിക്കു സാധിച്ചു. പക്ഷെ, പൂഞ്ഞാറിലും കടുത്തുരുത്തിയിലും തന്നോടൊപ്പം വന്നുചേര്‍ന്നവരെ നേരിടുന്നത് സമീപകാലത്ത് പിണങ്ങിപ്പിരഞ്ഞുപോയവര്‍ തന്നെയാണെന്നത് കെ.എം മാണിയെ അലട്ടുന്നു. പൂഞ്ഞാറില്‍ പി.സി.ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞ മോഹന്‍ തോമസിനെ ഇടതുപക്ഷം സ്വതന്ത്രനാക്കി നിര്‍ത്തുമ്പോള്‍ കടുത്തുരുത്തിയില്‍ കഴിഞ്ഞതവണ മറുപക്ഷത്തായിരുന്ന മോന്‍സിനെ മാണിക്കൊപ്പം നിന്നു നേരിട്ട സ്‌റ്റീഫന്‍ ജോര്‍ജാണ് ഇത്തവണ മറുവശത്ത്.
മുന്‍വര്‍ഷത്തേക്കാള്‍ കടുത്ത മല്‍സരമാണ് ഇത്തവണ കോട്ടയത്തെ മണ്ഡലങ്ങളില്‍ നടക്കുന്നത്. പാലയില്‍ കഴിഞ്ഞതവണ കെ.എം. മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിച്ച മാണി സി.കാപ്പന്‍ ഇത്തവണയും എന്‍.സി.പി സ്ഥാനാര്‍ഥിയായി അവിടെയുണ്ട്. ഏറ്റുമാനൂരിലാകട്ടെ സി.പി.എമ്മിന്‍െറ പടക്കുതിരയെന്നു പറയാവുന്ന സുരേഷ് കുറുപ്പാണ് തോമസ് ചാഴികാടനെ നേരിടുന്നത്. കാഞ്ഞിരപ്പള്ളിയില്‍ സി.പി.ഐയുടെ യുവരക്തവും പേരില്‍ തന്നെ നായരുമുള്ള അഡ്വ. സുരേഷ് ടി. നായരാണ് പ്രൊഫ. ജയരാജിനെതിരെ രംഗത്ത്. ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവായ സി.എഫ്. തോമസിന് സി.പി.എമ്മിലെ വിദ്യാഭ്യാസ വിചക്ഷണനും ജനകീയാരോഗ്യപ്രവര്‍ത്തകനുമായ ഡോ.ബി.ഇക്‌ബാലാണ് ഭീഷണിയുയര്‍ത്തുന്നത്.
കോട്ടയത്തെ കോണ്‍ഗ്രസ് സീറ്റുകളിലും സ്ഥിതി മറിച്ചല്ല. നായകമണ്ഡലമെന്നു പറയാവുന്ന പുതുപ്പള്ളിയില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്നത് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജാണ്. കോട്ടയത്ത് സി.പി.എമ്മിന്‍െറ സിറ്റിംഗ് എം.എല്‍.എയായ വി.എന്‍. വാസവനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മുന്‍മന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയാണ്. സംവരണ മണ്ഡലമായ വൈക്കത്ത് സി.പി.ഐയുടെ സിറ്റിംഗ് എം.എല്‍.എ കെ. അജിത്തിനെതിരെ എ.സനീഷ്‌കുമാറിനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നത്.
1957 മുതലുള്ള 13 തിരഞ്ഞെടുപ്പുകളിലെ കോട്ടയത്തെ ചരിത്രം പരിശോധിക്കാം. പുതുപ്പള്ളിയും പാലയുമാണ് കോട്ടയത്തെ കുത്തക സീറ്റുകള്‍. 1965ലും 67ലും സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചിട്ടുള്ള പുതുപ്പള്ളിയില്‍ 1970 മുതല്‍ നാല്‍പതു വര്‍ഷമായി ഉമ്മന്‍ചാണ്ടിയാണ് വിജയി. പാലയില്‍ 1965 മുതല്‍ ഇന്നുവരെ നടന്ന ഒരു തിരഞ്ഞെടുപ്പിലും കെ.എം. മാണിയല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല.
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ 1967, 1987, 2006 എന്നീ വര്‍ഷങ്ങളിലൊഴികെ പത്തു തവണയും വിജയക്കൊടി നാട്ടിയത് യു.ഡി.എഫാണ്. മറ്റ് മണ്ഡലങ്ങളിലേക്കു ലയിച്ച് ഇല്ലാതായ വാഴൂരിലും പത്തു തവണ യു.ഡി.എഫാണ് ജയിച്ചത്. 1967, 82, 87 വര്‍ഷങ്ങളിലായിരുന്നു ഇവിടെ ഇടതുവിജയം. ചങ്ങനാശ്ശേരിയില്‍ 1970നുശേഷം ഇടതുമുന്നണി വിജയിച്ചിട്ടേയില്ല. 1980 മുതല്‍ സി.എഫ് തോമസാണ് ചങ്ങനാശ്ശേരിയുടെ പ്രതിനിധി. 1957ലും 67ലും മാത്രമാണ് ഇവിടെ ഇടതുമുന്നണി വിജയിച്ചത്.
കോട്ടയത്തിന്‍െറ സ്ഥിതി മറിച്ചാണ്. മൂന്നു തവണ മാത്രമായിരുന്നു കോട്ടയം നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന്‍െറ വിജയം. 1960, 82, 2001 വര്‍ഷങ്ങളില്‍. കോട്ടയം സി.പി.എമ്മിന്‍െറ മണ്ഡലമാണെങ്കില്‍ വൈക്കം സി.പി.ഐയുടേതാണ്. 1957ലും 65ലും 1991ലും ഒഴികെ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ സി.പി.ഐ സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം.
വിധി നിര്‍ണയം കുഴമറിഞ്ഞുകിടക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. 1991 മുതലാണ് ഈ മണ്ഡലം യു.ഡി.എഫ് കുത്തകയാക്കി മാറ്റിയത്. 1987ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോര്‍ജ് ജോസഫ് പൊടിപാറ ഏറ്റുമാനൂരില്‍ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചത് 7884 വോട്ടു മാത്രമായിരുന്നു.
കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചിരുന്ന പൂഞ്ഞാറില്‍ 1980ലാണ് കേരള കോണ്‍ഗ്രസ് (ജെ) സ്ഥാനാര്‍ഥിയായി എത്തി പി.സി ജോര്‍ജ് വെന്നിക്കൊടി നാട്ടുന്നത്. 1987ല്‍ ജനതാപാര്‍ട്ടിയിലെ എന്‍.എം ജോസഫ് ജോര്‍ജിനെ തോല്‍പിച്ചു. 1991ല്‍ മാണി വിഭാഗത്തിലെ ജോയ് എബ്രഹാം വിജയിച്ചെങ്കിലും 1996 മുതല്‍ മൂന്നു തവണയും പി.സി ജോര്‍ജിനായിരുന്നു വിജയം.
കേരള കോണ്‍ഗ്രസിന്‍െറ നിലപാടിനൊപ്പം മലക്കം മറിഞ്ഞിട്ടുള്ള കടുത്തുരുത്തി മണ്ഡലം 1965ല്‍ കേരള കോണ്‍ഗ്രസിനൊപ്പം ഇടത്തേക്കു ചാഞ്ഞിരുന്നു. എന്നാല്‍ 1967 മുതല്‍ 1980 വരെ വലതുപക്ഷത്തിനൊപ്പം നിന്ന കേരള കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. 82ലും 87ലും ഇടതു സ്വതന്ത്രനായി നിന്ന പി.സി തോമസ് വിജയിച്ചു. 91 മുതല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ രണ്ടു മുന്നണികളും മാറിമാറി വിജയിച്ച കോട്ടയത്തെ ഏക മണ്ഡലം കൂടിയാണ് കടുത്തുരുത്തി.
പാലയും പുതുപ്പള്ളിയും മാറ്റിനിര്‍ത്തിയാല്‍ ഇരു മുന്നണികളുടേയും കുത്തകയായ മണ്ഡലങ്ങളില്‍ മറുമുന്നണി അട്ടിമറി വിജയം നേടിയിട്ടുണ്ടെന്ന് കോട്ടയത്തെ തിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകും. പലപ്പോഴും സഭയുടെയും എന്‍.എസ്.എസിന്റെയുമെല്ലാം നിലപാടുകള്‍ ഈ അട്ടിമറികള്‍ക്കു സഹായകമായിട്ടുണ്ട്.
കോട്ടയവും വൈക്കവുമൊഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ നഷ്ടപ്പെടാനൊന്നുമില്ല, നേടാനേയുള്ളു. ഇടതുമുന്നണിക്ക് അത്തരത്തിലെന്തെങ്കിലും അട്ടിമറി ഇത്തവണ കോട്ടയം ജില്ലയില്‍ സാധ്യമായാല്‍ സമവാക്യങ്ങള്‍ തെറ്റിച്ച് പോരിനിറങ്ങുന്നതിന്‍െറ ആത്യന്തികഫലംകൂടിയായി അതു മാറും, ഇരുമുന്നണികള്‍ക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല