തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. സമുദ്രക്കനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു സാമൂഹ്യവിപ്ലവത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും താന്‍ ഒരുക്കുകയെന്ന സൂചനയും സമുദ്രക്കനി നല്‍കിയിട്ടുണ്ട്. മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങളും ഗാനരംഗങ്ങളും ചിത്രത്തിന്റെ പ്ലസ് പോയിന്റായിരിക്കും. അടുത്തവര്‍ഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
ചിത്രത്തിന്റെ തിരക്കഥാജോലികള്‍ ഉടന്‍ ആരംഭിക്കും. ശശികുമാറിനെ നായകനാകുന്ന തമിഴ് ചിത്രം പോരാളിയുടെ തിരക്കിലാണ് സമുദ്രക്കനിയിപ്പോള്‍. പോരാളിക്ക് ശേഷം മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കും.
ശിക്കാറില്‍ സമുദ്രക്കനി അവതരിപ്പിച്ച ഡോക്ടര്‍ അബ്ദുള്ള എന്ന കഥാപാത്രം ക്ലിക്കായതിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ സംവിധായകര്‍ സമുദ്രക്കനിക്കായി കഥാപാത്രങ്ങളെ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. നാലോളം മലയാള ചിത്രങ്ങളിലേക്ക് നടനെന്ന നിലയില്‍ സമുദ്രക്കനി കരാര്‍ ഒപ്പിട്ടതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല