സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ മക്കളെ പൊതിഞ്ഞു സൂക്ഷിക്കുന്ന മാതാപിതാക്കള്‍ ദയവായി ഈ കഥ വായിക്കുക. സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ലേപനങ്ങള്‍ എത്രത്തോളം അപകടമുണ്ടാക്കുമെന്നാണ് ലണ്ടനിലെ പോപ്പി ബ്രെറ്റ് സ്വന്തം അനുവഭംകൊണ്ട് വിവരിക്കുന്നത്. പൂര്‍ണ്ണ ആരോഗ്യവാനായ മകന്‍ കൂട്ടുകാരോടൊപ്പം കളിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനും താല്‍പര്യം കാണിക്കാതിരുന്നപ്പോളാണ് അവര്‍ ഇക്കാര്യം ശ്രദ്ധിച്ചുതുടങ്ങിയത്. കൃത്യമായ പോഷകാഹാരങ്ങള്‍ കഴിക്കുന്ന, പന്ത്രണ്ട് മണിക്കൂറോളം ഉറങ്ങുന്ന മകന് നല്ല ആരോഗ്യമുണ്ട്. എന്നാല്‍ കളിക്കാനും മറ്റും താല്‍പര്യം കാണിക്കാതെ ഒരു വശത്ത് ചടഞ്ഞിരിക്കുകയും ചെയ്യുന്നു.
കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് പ്രശ്നക്കാരന്‍ സൂര്യതാപത്തില്‍നിന്ന് രക്ഷനേടാന്‍ പുരട്ടിയ ലേപനമാണെന്ന് ബോധ്യമായത്. സൂര്യതാപമേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ ധാരാളമായി ഉപയോഗിച്ചതുമൂലം മകന്റെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അംശം വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒരുവര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കേണ്ട വിറ്റാമിന്‍ ഡി അവന് ലഭിച്ചിരുന്നില്ല.
നല്ല ഉറപ്പുള്ള അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഒന്നാണ് സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് ലഭിക്കുന്ന വിറ്റാമിന്‍ ഡി. ഇതാണ് പതിനൊന്ന് വയസ്സ് മാത്രമുള്ള മകന്‍ ജാഗോയ്ക്ക് കിട്ടാതിരുന്നത്- പോപ്പി ബ്രെറ്റ് പറയുന്നു. അസ്ഥികള്‍ക്ക് ഉറപ്പില്ലാതിരുന്നതുമൂലമാണ് ഈ പ്രായത്തിലെ കുട്ടികള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന ഊര്‍ജ്ജം ജാഗോയ്ക്ക് ഇല്ലാതെപോയത്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജാഗോയ്ക്ക് സൂര്യപ്രകാശം നേരിട്ട് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഉണ്ടാക്കിക്കൊടുത്തു. കൂടാതെ സൂര്യപ്രകാശത്തെ തടയുന്ന ലേപനങ്ങള്‍ പുരട്ടുന്നത് നിര്‍ത്തുകയും ചെയ്തു. പന്ത്രണ്ട് മാസം കൊണ്ട് ജാഗോ തന്‍റെ പഴയ ചുറുചുറുക്കും ആരോഗ്യവും വീണ്ടെടുത്തു. ഇതിനെല്ലാം പുറമെ വളരെ കാലമായി ജാഗോയെ അലട്ടിയിരുന്ന കാലുകളുടെ വേദന പൂര്‍ണ്ണമായും മാറിക്കിട്ടി.
കാലിനുവേദനയുമായാണ് ഏഴുവയസ്സുള്ള ജാഗോയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ചില പരിശീലനരീതികള്‍ പറഞ്ഞു കൊടുത്തെങ്കിലും അതൊന്നും ഫലിച്ചിരുന്നില്ല. കൂടുതല്‍ സമയം ഉറങ്ങാനുള്ള നിര്‍ദ്ദേശമാണ് പിന്നീട് ഡോക്ടര്‍ മുന്നോട്ട് വെച്ചത്. പന്ത്രണ്ട് മണിക്കൂറിലേറെ ഉറങ്ങുന്ന ഒരു കുട്ടിയോട് വീണ്ടും കൂടുതല്‍ ഉറങ്ങാന്‍ പറയുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല- പോപ്പി ബ്രെറ്റ് പറയുന്നു. പിന്നീട് പൊടിയുടെ അലര്‍ജ്ജിയായിരിക്കും ഇതിന് കാരണമെന്ന് ഇവര്‍ സംശയം പ്രകടിപ്പിച്ചു. പിന്നീട് വീട് വൃത്തിയായി സൂക്ഷിക്കുകയെന്ന ചികിത്സയാണ് കുറേക്കാലം നടന്നത്. അതൊന്നുംകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല.
അതിനും ഒരുപാട് ശേഷം പോപ്പി ബ്രെറ്റ് ആവശ്യപ്പെട്ടപ്പോഴാണ് രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. അപ്പോഴാണ് പ്രശ്നക്കാരനെ കണ്ടെത്തിയത്. സൂര്യതാപം അകറ്റാന്‍ തേക്കുന്ന ലേപനങ്ങള്‍മൂലം സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കേണ്ട വിറ്റമിന്‍ ഡി ജാഗോയ്ക്ക് ലഭിച്ചിരുന്നില്ല. അതുതന്നെയായിരുന്നു പ്രശ്നം. അതിനുശേഷം സൂര്യപ്രകാശം കിട്ടാനുള്ള എല്ലാ സാധ്യതകളും ജാഗോയും താനും ഉപയോഗിച്ചെന്ന് പോപ്പി ബ്രെറ്റ് സാക്ഷ്യപ്പെടുത്തുന്നു. പന്ത്രണ്ട് മാസത്തെ ‘സൂര്യചികിത്സ’കൊണ്ട് ജാഗോയുടെ എല്ലാ പ്രശ്നങ്ങളും മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല