1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2016

ജോയി ആഗസ്തി: യു.കെ. മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക് റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍2’വിലെ സെമിഫൈനല്‍ മത്സരങ്ങള്‍ എല്ലാം സമാപിച്ചിരിക്കെ, സ്റ്റാര്‍ സിംഗര്‍ മത്സരം അതിന്റെ അനിവാര്യതയിലേക്ക് കടക്കുകയാണ്. ജൂണ്‍ 18ന് ലെസ്റ്ററിലെ മഹര്‍ സെന്ററില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലേയില്‍ സംഗീത പ്രേമികളായ ആയിരങ്ങള്‍ക്ക് മുന്നില്‍ യൂ.കെയിലെ ഈ അഞ്ച് ഗായക പ്രതിഭകള്‍ മാറ്റുരക്കുമ്പോള്‍ ഇവരില്‍ ആരായിരിക്കും സ്റ്റാര്‍ സിംഗര്‍ പട്ടം നേടുക എന്ന് പ്രവചിക്കാന്‍ ആസ്വാദകര്‍ക്ക് എളുപ്പം കഴിയുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി വിവിധ ഘട്ടങ്ങളായി നടത്തിയ മത്സരങ്ങളില്‍ നിന്നും വിധികര്‍ത്താക്കള്‍ കാച്ചിക്കുറുക്കി കണ്ടെടുത്ത ഈ അഞ്ച് മത്സരാര്‍ത്ഥികളും എന്തുകൊണ്ടും ഒന്നിനൊന്ന് മെച്ചം തന്നെയാണ് . യൂ.കെയിലെ പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ മുന്നില്‍ പാടിത്തകര്‍ത്ത് ‘സംഗതികള്‍ ‘ എല്ലാം പഠിച്ച് ഗ്രാന്‍ഡ് ഫിനാലേയില്‍ ഇവര്‍ പാടാനെത്തുമ്പോള്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ വിധിനിര്‍ണ്ണയത്തിനായി എത്തുന്ന അതിപ്രഗത്ഭ വിധികര്‍ത്താക്കള്‍ പോലും ഒരല്‍പ്പം വിയര്‍ത്താല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിലെ വിജയികള്‍ക്ക് ഇത്തവണ വന്‍ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് ആയിരം പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പിന് അഞ്ഞൂറ് പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പിന് മുന്നൂറു പൌണ്ടും, തേര്‍ഡ് റണ്ണര്‍ അപ്പിനു ഇരുന്നൂറ് പൌണ്ടും ഫോര്‍ത്ത് റണ്ണര്‍ അപ്പിനു നൂറു പൌണ്ടും ആണ് ക്യാഷ് പ്രൈസ് ലഭിക്കുക. യുകെ മലയാളികളുടെ സ്വന്തം ടി.വി.യായ ഗര്‍ഷോം ടി.വി.യുടെ സഹകരണത്തോടെയാണ് യുക്മ സ്റ്റാര്‍ സിംഗര്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ മത്സര പരമ്പരയിലെ ആദ്യ റൗണ്ട് മുതല്‍ പങ്കാളികളായ എല്ലാ മത്സരാര്‍ഥികള്‍ക്കും ടോഫിയും പ്രശസ്തി പത്രവും ലഭിക്കുന്നതാണ്. ഇത് കൂടാതെ മോസ്റ്റ് പോപ്പുലര്‍ ഗായകന് അല്ലെങ്കില്‍ ഗായികക്ക് പ്രശസ്ത നിയമസഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് നല്‍കുന്ന അഞ്ഞൂറ് പൌണ്ടിന്റെ ക്യാഷ് പ്രൈസ് വേറെയും ലഭിക്കുന്നതാണ്.

സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളുടെ ആദ്യ ഘട്ടമായ ഓഡിഷന്‍ റൗണ്ടില്‍ എത്തിയ മുപ്പതില്‍ പരം ഗായകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുമായാണ് പിന്നീടുള്ള സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്ഷം നവംബര്‍ മാസം 29നു ബിര്മ്മിംഗ് ഹാമിലെ വൂള്‍വര്‍ഹാംടനില്‍ വച്ച് നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ യൂ.കെയിലെ പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനായ ശ്രീ. സണ്ണി സാര്‍ ചീഫ് ജഡ്ജ് ആയും ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീ. ഫഹദ് ഗസ്റ്റ് ജഡ്ജ്ആയും വിധി നിര്‍ണ്ണയം നടത്തി. തുടര്‍ന്ന് ബ്രിസ്റ്റോളിലും ഹോര്‌ഷോമിലും വച്ച് നടന്ന മത്സരങ്ങളില്‍ മുഖ്യ ജഡ്ജ് ആയ ശ്രീ. സണ്ണി സാറിനൊപ്പം ഗസ്റ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത സംഗീതജ്ഞ ശ്രീമതി. ലോപമുദ്രയായിരുന്നു. മത്സരങ്ങളുടെ ഓരോ ഘട്ടങ്ങളിലും നടന്ന എലിമിനേഷനു ശേഷം ഫൈനലില്‍ എത്തിയ അഞ്ച് മത്സരാര്‍ഥികളളെയും ഇവിടെ പരിചയപ്പെടുത്തുന്നു.

അനു ചന്ദ്ര

തിരുവനന്തപുരം വഴുതക്കാട് സ്വദേശിനിയായ അനു ചന്ദ്ര പ്രശസ്ത സംഗീതജ്ഞനായ നെയ്യാറ്റിങ്കര വാസുദേവന്‍ സാറിന്റെ ശിഷ്യയാണ്. സ്വിന്‍ഡനില്‍ ഭര്‍ത്താവ് ജയേഷിനും മകള്‍ ജാന്‍വിക്കുമൊപ്പം താമസിക്കുന്നു. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലോത്സവത്തില്‍ സോളോ സോംഗ്, ഗ്രൂപ് സോംഗ് , പദ്യം ചൊല്ലല്‍ എന്നിവയില്‍ വിജയിയായിരുന്നു അനു ചന്ദ്ര. വിപ്രൊയിലെ ജീവനക്കാരാണ് അനുവും ഭര്‍ത്താവ് ജയേഷും.

അലീന സജീഷ്

ബേസിംഗ് സ്റ്റോക്ക് ക്യൂന്‍മേരീസ് കോളേജിലെ എലവല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അലീനയാണ് ഗ്രാന്‍ഡ് ഫിനാലെയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി. യുക്മ കലാമേളകള്‍ തുടങ്ങിയ കാലം മുതല്‍ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ തുടര്‍ച്ചയായി ലളിത ഗാനത്തിനു സമ്മാനങ്ങള്‍ നേടിവരുന്ന അലീന രണ്ടായിരത്തി പതിമൂന്നിലെ യുക്മ ദേശീയ കലാമേളയില്‍ പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സജീഷ് ടോമിന്റെയും ആന്‍സി സജീഷിന്റെയും ഏക മകളായ അലീന കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ്.

സത്യ നാരായണന്‍

കണ്ണൂര്‍ പയ്യന്നൂര്‍ നിവാസിയായ സത്യ നാരായണന്‍ യൂ.കെയില്‍ നോര്‍ത്താംപ്ടനിലാണ് താമസിക്കുന്നത്. നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ നെഴ്‌സായി ജോലി ചെയ്യുന്നു. സത്യനാരായണന്റെ ഭാര്യ ജിഷയും നേഴ്‌സാണ്. സത്യനാരായണന്‍ ജിഷ ദമ്പദികള്‍ക്ക് രണ്ട് മക്കളാണുള്ളത്. യൂ.കെയിലെ ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന സത്യനാരായണന്‍ ബീറ്റ്‌സ് യൂ.കെ എന്ന സംഗീത ട്രൂപ്പിലെ പ്രധാന ഗായകനാണ്. രണ്ടായിരത്തി പതിമൂന്നില്‍ ഏഷ്യനെറ്റ് ടാലന്റ് കോണ്ടസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു.

സന്ദീപ് കുമാര്‍

കൊച്ചി നെടുംബാശ്ശേരി സ്വദേശിയും കഴക്കൂട്ടം സൈനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ സന്ദീപ് 2009ലാണ് യൂ.കെയിലെത്തിയത്. സംഗീതത്തില്‍ സന്ദീപിന്റെ ഗുരു പ്രശസ്ത സംഗീത സംവിധായകനായ ശ്രീ. രാഘവന്‍ മാഷാണ്. ബി.ടെക് ബിരുദധാരിയായ സന്ദീപ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഭാര്യ സ്മിതയും മകന്‍ ആരവിനുമൊപ്പം ബ്രിസ്റ്റോളില്‍ താമസിക്കുന്നു

ഡോക്ടര്‍ വിപിന്‍ നായര്‍

പത്ത് വര്ഷം മുന്പ് ദന്ത ഡോക്ടറായി യൂ.കെയിലെത്തിയ ഡോക്ടര്‍ വിപിന്‍ നോരത്താംപ്ടനിലാണ് താമസം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഡോക്ടര്‍ വിപിന്റെ ഭാര്യ ഇന്ദു ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്നു. ആര്‍ക്കിടെക്ചരില്‍ ഒന്നാം വര്‍ഷ ബീ. എ വിദ്യാര്‍ഥിനിയായ ഐശ്വര്യയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മേഘ്‌നയുമാണ് മക്കള്‍.

ജൂണ്‍ 18ന് ലെസ്റ്ററില്‍ നടക്കുന്ന ‘ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’വിന്റെ ഗ്രാന്‍ഡ് ഫിനാലേയിലേക്കും അതോടനുബന്ധിച്ച് നടക്കുന്ന ‘നാദവിനീതഹാസ്യം’ സ്റ്റേജ് ഷോയിലേക്കും എല്ലാവര്‍ക്കും സ്വാഗതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.