ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് പ്രിയമേറുന്നു. ഓരോ ദിവസവും ഇവയുടെ വില്പന വന്‍തോതില്‍ കുതിച്ചുയരുകയാണ്. വിവിധ സ്ഥാപനങ്ങള്‍100 രൂപയ്ക്ക് മുതല്‍ മുകളിലേക്കുള്ള തുകയ്ക്ക് വൗച്ചര്‍ നല്‍കുന്നുണ്ട്. സ്വന്തം ഇഷ്ടമനുസരിച്ച് വൗച്ചറിലെ തുകയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാമെന്നതാണ് വൗച്ചര്‍ ലഭിക്കുന്നയാള്‍ക്കുള്ള സ്വാതന്ത്ര്യം.
ഗിഫ്റ്റ് വൗച്ചറുകള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കായി തുറന്നിടുന്നതും വലിയ സാധ്യതയാണ് . ഗിഫ്റ്റ്‌വൗച്ചറുമായി സ്ഥാപനത്തിലെത്തുന്ന പുതിയൊരു ഉപഭോക്താവ് ഭാവിയില്‍ സ്ഥിരം ഉപഭോക്താവായി മാറായെക്കാം. മാത്രമല്ല ഗിഫ്‌റ്റ് വൗച്ചറുമായി വരുന്നയാള്‍ വൗച്ചറിലേതിലും കൂടുതല്‍ തുകയ്‌ക്ക് സാധനം വാങ്ങാനുള്ള സാധ്യതയും വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കുന്നു. ഇക്കാരണത്താല്‍ തന്നെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളെല്ലാം സമ്മാനകൂപ്പണുകള്‍ക്ക് വന്‍പ്രാധാന്യമാണ് നല്‍കുന്നത്.
വസ്ത്രശാലകള്‍, ജ്വല്ലറികള്‍, കുട്ടികളുടെ ഉത്പന്നങ്ങളുടെ സ്റ്റോറുകള്‍, പുസ്തകശാലകള്‍, ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകള്‍ തുടങ്ങിയവയെല്ലാം സമ്മാനകൂപ്പണുകള്‍ ഇറക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി വിവിധ സ്ഥാപനങ്ങളുടെ ഗിഫ്റ്റ്‌വൗച്ചര്‍ സമ്മാനിക്കുന്ന രീതിയും ഉണ്ട്.
ഭംഗിയുള്ള ചെറുബോക്‌സിനുള്ളില്‍ പാക്ക്‌ചെയ്ത് സ്ഥാപനങ്ങള്‍ ഗിഫ്റ്റ്‌വൗച്ചറുകള്‍ നല്‍കുന്നുണ്ട്. ഏതുതുകയുടെയും കൂടെ ഒറ്റരൂപ ചേര്‍ത്ത് സമ്മാനം നല്‍കുന്ന നമ്മുടെ രീതി മുന്‍നിര്‍ത്തി 501 രൂപയുടെയും 1001 രൂപയുടെയുമെല്ലാം കൂപ്പണ്‍ ഇറക്കാനൊരുങ്ങുകയാണ് ഒരു പ്രമുഖ ലൈഫ്‌സ്റ്റൈല്‍ ശൃംഖല. സാധാരണ സമ്മാനക്കൂപ്പണുകള്‍ക്കൊപ്പം ഉത്സവവേളകള്‍ക്കും ആഘോഷങ്ങള്‍ പ്രമാണിച്ചും സമ്മാനക്കൂപ്പണുകള്‍ പ്രത്യേകമായി ഇറക്കാനിരിക്കുകയാണ് മുന്‍നിര ഷോപ്പിങ് ശൃംഖല നടത്തിപ്പുകാര്‍.
വരുമാനത്തിന്റെ 8 മുതല്‍ 10 ശതമാനത്തോളം കൂപ്പണുകളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്നതായി റീട്ടെയില്‍ വ്യവസായികള്‍ പറയുന്നു. കഴിഞ്ഞ ഉത്സവസീസണില്‍ ഇലക്ട്രോണിക്‌സ് ഉത്പന്ന വ്യാപാരികളായ ക്യു.ആര്‍.എസ് 300 മുതല്‍ 400 വരെ ഗിഫ്റ്റ് വൗച്ചറുകള്‍ വിറ്റഴിച്ചു. 1000, 2000, 5000 രൂപ നിരക്കുകളിലുള്ള സമ്മാന കൂപ്പണുകളാണ് ക്യൂ.ആര്‍.എസ് വില്‍ക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റും ബള്‍ക്കായി കൂപ്പണുകള്‍ വില്‍ക്കുന്ന അവസരത്തില്‍ 500 രൂപ മുതല്‍ 750 രൂപ വരെയുള്ള കൂപ്പണുകളും പരിഗണിക്കുന്നുണ്ടെന്ന് ക്യു.ആര്‍.എസ് ജനറല്‍ മാനേജര്‍ ദിനേശ് പറയുന്നു.
1000 രൂപയുടെയും 500 രൂപയുടെയും കൂപ്പണുകള്‍ക്കാണ് മികച്ച വില്‍പ്പന. സമ്മാനക്കൂപ്പണ്‍ വഴി ലഭിക്കുന്ന വ്യാപാരത്തിന്റെ പള്‍സ് മനസ്സിലാക്കിയതോടെ ബ്രാന്‍ഡുകള്‍ക്കൊപ്പം ഷോപ്പിങ് മാളുകളും ഈ രംഗത്ത് സജീവമാവുകയാണ്. മാളുകളിലുള്ള എല്ലാ കടകളില്‍ നിന്നും ഷോപ്പിങ് അനുവദിക്കുന്ന സമ്മാന കൂപ്പണുകളുമായാണ് മാള്‍ നടത്തിപ്പുകാര്‍ രംഗത്തെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല